ഇളവുകളെ തുടര്‍ന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് : രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് കേന്ദ്രം

Shimla | Bignewslive

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്കില്‍ ആശങ്ക പ്രപകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“അടച്ചുപൂട്ടിയിരുന്നതിന്റെ മടുപ്പ് ഒഴിവാക്കാന്‍ ആളുകള്‍ നിരന്തരം യാത്ര ചെയ്യുകയാണ്. മണാലി, മുസ്സോറി, ഷിംല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ വലിയ ആള്‍ക്കൂട്ടങ്ങളുടെ നിരവധി ചിത്രങ്ങളാണ് പുറത്തു വരുന്നത്. കൊറോണ വൈറസ് ഇല്ലാതായിട്ടില്ലെന്ന് നാം മനസ്സിലാക്കണം. സാഹചര്യമനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, സിക്കിം എന്നിവിടങ്ങളില്‍ കേസുകള്‍ പത്ത് ശതമാനം വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version