ബ്ലാക്ക് ഫംഗസ് : മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

Black fungus | Bignewslive

മുംബൈ : ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. നാലും ആറും പതിനാലും വയസ്സ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തത്.

മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് കുട്ടികളുടെ ശസ്ത്രക്രിയ നടത്തിയത്. നാലും ആറും വയസ്സുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. പതിനാറ് വയസ്സുള്ള മറ്റൊരു കുട്ടിയെക്കൂടി ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു.കോവിഡ് മുക്തയായതിന് ശേഷമാണ് ആ കുട്ടിക്ക് പ്രമേഹമുണ്ടാകുന്നത്.വയറിന്റെ ഒരു ഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ കുട്ടിയുടെ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായിരുന്നു.

കോവിഡ് രണ്ടാം തരംഗംത്തിലാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിച്ച് നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ പതിനാല് വയസ്സുള്ള കുട്ടിയുടെ കണ്ണില്‍ കറുപ്പ് പടര്‍ന്നു. മൂക്കിലേക്കും ഫംഗസ് പടരാനാരംഭിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിലേക്ക് അണുബാധ എത്താതിരിക്കാനാണ് കണ്ണ് നീക്കം ചെയ്തത്. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചിട്ടും കണ്ണ് നീക്കം ചെയ്യേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

“നാലും ആറും വയസ്സുള്ള കുട്ടികളുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഇതിവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നീക്കം ചെയ്തത്. ഫംഗസ് ബാധിച്ച കണ്ണ് നീക്കം ചെയ്യാതിരുന്നാല്‍ മരണം വരെ സംഭവിച്ചേക്കാം.” കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ പ്രീതേഷ് ഷെട്ടി പറഞ്ഞു.

കഴിവതും നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ട ഒന്നാണ് ബ്ലാക്ക് ഫംഗസ് ബാധ. തലച്ചോറിലേക്ക് അണുബാധ എത്താതിരിക്കാനാണ് ഫംഗസ് ബാധിച്ച മറ്റ് അവയവങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്നത്.രോഗികളുടെ കണ്ണ്, മൂക്ക്, താടി തുടങ്ങിയവ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്.കോവിഡ് ബാധിക്കുന്നവരില്‍ സൈറ്റോക്കിന്‍ എന്ന പ്രവര്‍ത്തനം നടക്കുകയും ഇത് പ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യും.ഇതിന് നല്‍കുന്ന സ്റ്റീറോയ്ഡുകള്‍ അടങ്ങിയ മരുന്നിലൂടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടും. ഇത്തരം അവസ്ഥയിലാണ് ഫംഗസ് പടര്‍ന്നു പിടിക്കുന്നത്.

Exit mobile version