ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് : ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് പഠനം

Vaccine | Bignewslive

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ ഒറ്റ ഡോസ് കോവിഷീല്‍ഡ് ഫലപ്രദമെന്ന് കണ്ടെത്തിയതായി കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ.ഒറ്റ ഡോസ് കോവിഷീല്‍ഡ് 61 ശതമാനം ഫലപ്രദമാണെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകസംഘം കണ്ടെത്തിയതായാണ് അദ്ദേഹം അറിയിച്ചത്.

രണ്ട് ഡോസ് കോവിഷീല്‍ഡ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനമാകുമെന്നും ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവയില്‍ നിന്ന് കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഒറ്റ ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസ് എടുത്തവര്‍ക്കുള്ള സുരക്ഷ സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഷീല്‍ഡ് ആദ്യ ഡോസിന് നാലാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. കണക്കുകള്‍ പ്രകാരം പ്രതിരോധം വളരെ മികച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

ഇതേസമയം ബ്രിട്ടന്‍ വാക്‌സീന്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു. ആറാഴ്ചയ്ക്ക് ശേഷം ലോകാരോഗ്യസംഘടന 6-8 ആഴ്ച ഇടവേള കൊണ്ടുവരുന്നത് നന്നാകുമെന്ന് ശുപാര്‍ശ ചെയ്തു. പിന്നാലെ ഏപ്രിലില്‍ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതല്‍ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി.മെയ് 13ന് ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം വാക്‌സീന്‍ ഡോസുകളുടെ ഇടവേള 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി വര്‍ധിപ്പിക്കുകയാണെന്ന ഉത്തരവ് പുറപ്പെടുവിച്ചു.

പ്രഖ്യാപന സമയത്ത് രാജ്യത്ത് വാക്‌സീന്‍ ക്ഷാമം അനുഭവപ്പെടുകയും രോഗികള്‍ വര്‍ധിക്കുകയുമായിരുന്നു. മൂന്ന് മാസത്തിനിടയില്‍ വാക്‌സീന്‍ ഡോസ് ഇടവേള വീണ്ടും വര്‍ധിപ്പിച്ചതോടെ വാക്‌സീന്‍ ക്ഷാമം മൂലമാണിതെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. വാക്‌സീന്റെ രണ്ട് ഡോസുകള്‍ക്കുമിടയിലെ കാലയളവ് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഒറ്റ ഡോസ് ഫലപ്രദമാണെന്ന ആശ്വാസ പ്രഖ്യാപനം.

Exit mobile version