ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് യുകെയില്‍ അംഗീകാരം

Vaccine | Bignewslive

ലണ്ടന്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് യുകെയില്‍ അനുമതി.20 കോടി ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

തികച്ചും സ്വാഗതാര്‍ഹമായ വാര്‍ത്തയാണിതെന്നും വാക്‌സിനേഷന്‍ പരിപാടിക്ക് കരുത്തേകുന്നതാണ് പുതിയ വാക്‌സീന് നല്‍കിയ അംഗീകാരം എന്നുമാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. വിമുഖത കാട്ടാതെ എല്ലാവരും വാക്‌സീന്‍ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒറ്റഡോസ് വാക്‌സീന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു.ഇത് വരെ 13,000 ത്തോളം ജീവനുകള്‍ വാക്‌സിനേഷന്‍ വഴി രക്ഷിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ മൊത്തത്തില്‍ നാല് വാക്‌സിനുകളാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റ ഡോസ് വാക്‌സീന്‍ ബ്രിട്ടന്റെ കോവിഡ് പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ നിരവധി യുവാക്കളാണ് ബ്രിട്ടനില്‍ വാക്‌സീനെടുക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ 72ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.യുഎസില്‍ ഈ വാക്‌സീന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് വാക്‌സീന്‍ എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ നിര്‍ദേശമുണ്ട്.

ഫൈസര്‍,ആസ്ട്രസെനെക വാക്‌സീനുകളാണ് ഇത് വരെ പ്രധാനമായും ബ്രിട്ടനില്‍ നല്‍കിയത്. ഇവ ഉപയോഗിച്ച് 6.2കോടി കുത്തിവെയ്പ്പുകള്‍ ബ്രിട്ടന്‍ ഇതിനോടകം നടത്തി. അതേസമയം മാസങ്ങളായി കുറവുണ്ടായിരുന്ന കോവിഡ് കേസുകള്‍ യുകെയില്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ജൂണ്‍ 21 മുതല്‍ പിന്‍വലിക്കാനിരുന്ന നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

Exit mobile version