കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാന്‍ ശ്രമം : നാട്ടുകാര്‍ തടഞ്ഞു

Covid death | Bignewslive

പുനലൂര്‍ : നഗരസഭയുടെ തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മൃതദേഹാവശിഷ്ടം കത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ ജി.ജയപ്രകാശ് പുനലൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

ശ്മശാനത്തില്‍ ഒരു സമയം ഒരു മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യമേയുള്ളു. മൃതദേഹങ്ങള്‍ വേഗം ദഹിപ്പിക്കണമെന്നും ശുചീകരണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.കത്തിത്തീരാതെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നവെന്നും കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഏറെ നേരം കാക്കേണ്ടിവരുന്നുവെന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു.

കോവിഡ് രോഗികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മശാനത്തിന് പുറത്ത് കത്തിക്കുന്നത് രോഗവ്യാപന സാധ്യതയുണ്ടാക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.രോഗികളുടെ മൃതദേഹങ്ങളുമായി ആംബുലന്‍സില്‍ എത്തുന്നവര്‍ സ്ഥലത്തു കൂടുതല്‍ സമയം ചിലവഴിക്കുന്നതായും റീത്തുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതായും പരാതിയുണ്ട്.പ്രശ്‌നങ്ങള്‍ക്ക് കാരണം മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലറുമാണെന്ന് നഗരസഭാ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടേതടക്കം പോയ മാസങ്ങളില്‍ നാനൂറിലേറെ മൃതദേഹങ്ങളാണ് തോളിക്കോട് ശ്മശാനത്തില്‍ സംസ്‌കരിച്ചതെന്ന് നഗരസഭാധ്യക്ഷ നിമ്മി എബ്രഹാം, ഉപാധ്യക്ഷന്‍ വി.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. സമീപ പഞ്ചായത്തുകളില്‍ ഉള്ളവരും ഈ ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. രണ്ടര മണിക്കൂര്‍ വേണം ഒരു മൃതദേഹം ദഹിപ്പിക്കാന്‍.

ഇവിടെ ശ്മശാനത്തിന് നേരത്തേ ഒന്നര ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു. നിലവില്‍ 9 സെന്റ് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുത്ത് വിശാലമായ ശ്മശാനം നിര്‍മിക്കുന്നതിന് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. കൗണ്‍സിലിന്റെ അനുമതിയോടെ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുകയും 24 മണിക്കൂറും ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version