കോവാക്‌സീന്‍ കിട്ടാനില്ല : ഡല്‍ഹിയില്‍ മിക്ക വാക്‌സിനേഷന്‍ സെന്ററുകളും പൂട്ടി

Vaccine | Bignewslive

ന്യൂഡല്‍ഹി : കോവാക്‌സീന്‍ ലഭ്യത കുറഞ്ഞതോടെ ഡല്‍ഹിയിലെ പല സെന്ററുകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു.18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനാണ് വ്യാഴാഴ്ച നിര്‍ത്തിവെച്ചത്. ഇതോടെ വാക്‌സീന്‍ എടുക്കാന്‍ വന്ന പലരും വെറുംകയ്യോടെ തിരിച്ചുപോയി.

ഇന്നലെ മുതലാണ് വാക്‌സീന്‍ ക്ഷാമം അനുഭവപ്പെട്ടതെന്നാണ് മിക്ക സെന്ററുകളിലെയും ജീവനക്കാര്‍ പറയുന്നത്.വാക്‌സീന്‍ കിട്ടാതായതോടെ സെന്ററുകള്‍ അടയ്ക്കുകയായിരുന്നു. മെയ് 3 മുതലാണ് 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് ഡല്‍ഹിയില്‍ വാക്സിനേഷന്‍ ആരംഭിച്ചത്.
വാക്‌സീന്‍ കിട്ടാനില്ലാത്തത് മൂലം വാക്‌സിനേഷന്‍ സെന്ററുകള്‍ അടയ്ക്കുകയാണെന്നും അടിയന്തരമായി വാക്‌സീന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഡല്‍ഹി ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് ശിശോദിയ അറിയിച്ചു.

അതേസമയം ഡല്‍ഹിയില്‍ വാക്‌സീന്‍ ക്ഷാമത്തിന് കാരണം മോദി സര്‍ക്കാരാണെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചന്ദ ആരോപിച്ചു.മോദി സര്‍ക്കാരിന് വാക്‌സീനേഷനില്‍ മാര്‍ഗരേഖകളൊന്നും തന്നെ ഇല്ലെന്നും വാക്‌സീന്‍ ക്ഷാമം നേരിടുന്നതിന് പ്രധാന കാരണം വ്യക്തമായ കണക്കുകൂട്ടലുകള്‍ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“വാക്‌സീന്‍ ഉത്പാദനത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടില്ലായിരുന്നു.വാക്‌സീന്‍ ധാരാളമായി ഉത്പാദിപ്പിച്ചിരുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സ്വന്തം ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് പകരം 6.50 കോടി വാക്‌സീന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version