ഉടമസ്ഥയുടെ ജീവന്‍ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെ ഡോക്ടര്‍ക്ക് മുമ്പേ കണ്ടെത്തി വളര്‍ത്തുനായ; 52 കാരിയുടെ ജീവന്‍ രക്ഷിച്ച് താരമായി സൈറ

മനുഷ്യരേക്കാള്‍ സ്‌നേഹമുള്ളവരാണ് വളര്‍ത്തുമൃഗങ്ങള്‍, പ്രത്യേകിച്ചും നായ്ക്കള്‍. ഒരിക്കല്‍ സ്‌നേഹിച്ചാല്‍ ജീവിതത്തില്‍ നാളെത്ര കഴിഞ്ഞ് കണ്ടാലും മറക്കാത്തവരാണ് വളര്‍ത്തുനായ്ക്കള്‍.

അത്തരത്തിലൊരു നായ്ക്കുട്ടിയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. യജമാനത്തിയുടെ ജീവന്‍ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെ ഡോക്ടര്‍ക്കുമുമ്പേ കണ്ടെത്തിയാണ് സൈറ എന്ന നായ്ക്കുട്ടി ലോകത്തിന്റെ സ്‌നേഹം കവരുന്നത്.

യുഎസിലെ വിസ്‌കോസിന്‍ സ്വദേശിനിയായ സ്റ്റെഫാനി എന്ന 52 കാരിയുടെ ജീവനാണ് വളര്‍ത്തുനായ രക്ഷപ്പെടുത്തിയത്. ഏറെ നാളായി വയറ്റില്‍ വേദന അനുഭവപ്പെടാറുണ്ടായിരുന്നു. ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും വേദനസംഹാരികള്‍ നല്‍കി അവരെ മടക്കി അയയ്ക്കാറായിരുന്നു പതിവ്.

ഈ സമയത്ത് വളര്‍ത്തുനായ സൈറയിലും ചില സ്വാഭാവമാറ്റങ്ങള്‍ കണ്ടുതുടങ്ങി. യജമാനത്തിയുടെ വയറ്റില്‍ മൂക്ക് ചേര്‍ത്തു മണം പിടിക്കുകയും അസ്വാഭാവികമായി എന്തോ സംഭവിച്ച പോലെ വീട് മുഴുവന്‍ വെപ്രാളപ്പെട്ട് സൈറ ഓടി നടക്കുകയും ചെയ്തു. സ്റ്റെഫാനിക്കും സൈറയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി.

അങ്ങനെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്റ്റെഫാനിക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ആണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ ആരംഭിച്ചു. ഭേദമായതിനെത്തുടര്‍ന്ന് വീണ്ടും വീട്ടില്‍ തിരിച്ചെത്തി. നാളുകള്‍ കഴിഞ്ഞ് പഴയതു പോലെ തന്നെ സൈറ വിചിത്രമായി പെരുമാറാന്‍ തുടങ്ങി.

വീണ്ടും പരിശോധിച്ചപ്പോള്‍ രോഗം പിന്നെയും സ്റ്റെഫാനിയെ ബാധിച്ചതായി കണ്ടെത്തി. വീണ്ടും ചികിത്സ തുടങ്ങി. ഇപ്പോള്‍ രോഗത്തില്‍ നിന്നും താന്‍ പൂര്‍ണമായും മുക്തി നേടിയെന്നും ജീവിതം തിരികെ നല്‍കിയത് സൈറയാണെന്നും സ്റ്റെഫാനി പറയുന്നു.

ചില പ്രത്യേകയിനം നായ്ക്കള്‍ക്ക് 98% കൃത്യമായി ക്യാന്‍സര്‍ വളര്‍ച്ച പ്രവചിക്കാന്‍ സാധിക്കുമെന്ന് സ്റ്റെഫാനിയെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ഡേവിഡ് കുഷ്നര്‍ പറയുന്നു. മുന്നൂറില്‍പ്പരം ഗന്ധങ്ങള്‍ നിര്‍ണയിക്കാന്‍ നായ്ക്കള്‍ക്ക് കഴിവുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

Exit mobile version