ഇനി പഴംകഞ്ഞിയെ പുച്ഛിക്കേണ്ട, ഏറ്റവും പോഷകഗുണമുള്ള പ്രഭാതഭക്ഷണം പഴംകഞ്ഞിയെന്ന് അമേരിക്കന്‍ ന്യൂട്രീഷന്‍ അസോസിയേഷന്‍

യുവത്വം നിലനിര്‍ത്താനും, ക്ഷീണമകറ്റാനും പഴംകഞ്ഞി അനുയോജ്യം

കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ പ്രശസ്തമാണ് പഴംകഞ്ഞി. ഇനി പഴംകഞ്ഞിയെ ആരും പുച്ഛിക്കേണ്ട. ഏറ്റവും പോഷകഗുണമുള്ള പ്രഭാതഭക്ഷണം പഴംകഞ്ഞിയെന്ന് അമേരിക്കന്‍ ന്യൂട്രീഷന്‍ അസോസിയേഷന്‍വരെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുന്ന ചോറ് ഏറ്റവും വലിയ പോഷക കലവറയാണ്. വെറുതെ വെള്ളമൊഴിച്ചുവെക്കലല്ല. ശാസ്ത്രീയമായി മണ്‍പാത്രത്തില്‍ ഒരു രാത്രി കുതിര്‍ത്തുവെക്കണം. ഇതിനൊപ്പം ഉള്ളി, പച്ച മുളക് അല്ലെങ്കില്‍ തൈര് ഉപ്പ് കോമ്പിനേഷനുകളും ഉത്തമംതന്നെ.

പഴംകഞ്ഞിയിലുള്ള ലാക്റ്റിക് ആസിഡ് ബാക്റ്റീരിയകള്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളെ വിഘടിപ്പിച്ച് കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവയുടെ കലവറ സൃഷ്ടിക്കുന്നു. 12 മണിക്കൂറുകൊണ്ടാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഇങ്ങനെ നടക്കുന്ന പ്രവര്‍ത്തന ഫലമായി 10 ഗ്രാം ചോറില്‍നിന്ന് 3.4 മില്ലി ഗ്രാം മുതല്‍ 73.91 മില്ലിഗ്രാം വരെ അയണ്‍ സൃഷ്ടിക്കപ്പെടുന്നു.

പഴംകഞ്ഞി കഴിക്കുന്നവരുടെ ആരോഗ്യത്തില്‍ ഇവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നിത്യജീവിതത്തിനാവശ്യമായ ഊര്‍ജ്ജം, പോഷകഗുണങ്ങള്‍, എന്നിവ നല്‍കുന്നതിനൊപ്പം ശരീരോഷ്മാവ് കുറയ്ക്കാനും പഴംകഞ്ഞി സഹായിക്കുന്നു. കൃഷി, പുറംപണി എന്നിവ ചെയ്യുന്നവര്‍ക്ക് പഴംകഞ്ഞി ഏറ്റവും അനുയോജ്യമാണ്.

മാറി വരുന്ന ഭക്ഷണ ശീലങ്ങള്‍ പഴംകഞ്ഞി പാവപ്പെട്ടവന്റേതായി മുദ്രകുത്തി. അങ്ങനെ പഴംകഞ്ഞിയുടെ പ്രധാന്യവും പോഷകഗുണവും മനസ്സിലാക്കാതെ മറ്റു ഭക്ഷണ രീതികള്‍ നമ്മള്‍ അനുകരിച്ചു തുടങ്ങി.

അമേരിക്കയിലെ ശാസ്ത്രജ്ഞന്മാര്‍ വ്യത്യസ്ഥ രാജ്യങ്ങളിലെ ഭക്ഷണശീലം പഠനവിധേയമാക്കിയാണ് പഴംകഞ്ഞിയാണ് ഏറ്റവും നല്ല പ്രഭാതഭക്ഷണം എന്ന് കണ്ടെത്തിയത്. അപൂര്‍വ്വമായ ബി 6, ബി 12 വിറ്റാമിനുകളുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ആന്തരികാവയവങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തനും പഴംകഞ്ഞി അനുയോജ്യമാണ്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ് പഴംകഞ്ഞി. ചെറുപ്പംനിലനിര്‍ത്താനും, ക്ഷീണം, ടെന്‍ഷന്‍ എന്നിവ മറികടക്കാനും, പഴംകഞ്ഞി സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം, മലബന്ധം എന്നിങ്ങനെ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും പഴംകഞ്ഞിക്ക് കഴിയും.

Exit mobile version