കറിയില്‍ ഉപയോഗിക്കാന്‍ മാത്രമുള്ളതല്ല കുടംപുളി, ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണിത്

ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നുണ്ട്

കുടംപുളി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്നത് വേനലില്‍ ഒരു മഴ എന്ന ചിത്രത്തിലെ അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് കുടംപുളിയിട്ട് വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് എന്ന പാട്ടായിരിക്കും. എന്നാല്‍ നമ്മുടെ ലോകസുന്ദരി ഐശ്വര്യ റായിയുടെ തടി വരെ കുറയ്ക്കാന്‍ സഹായിച്ച കക്ഷിയാണ് നമ്മുടെ സ്വന്തം കുടംപുളി.

വടക്കന്‍ കേരളത്തിനെ അപേക്ഷിച്ച് മധ്യകേരളത്തിലുള്ളവര്‍ക്ക് മീന്‍ കറി വയ്ക്കുമ്പോള്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് കുടംപുളി. എന്നാല്‍ കറിയില്‍ പുളിരസമുണ്ടാക്കാന്‍ മാത്രമുള്ളതല്ല കുടംപുളി ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണിത്. ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കുടംപുളി അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കും. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് കുടംപുളിക്ക്.

ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേര്‍ത്ത് കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും. കുടംപുളി വിത്തില്‍ നിന്നെടുക്കുന്ന തൈലം ചുണ്ട്, കൈകാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഉള്ള വിണ്ടുകീറല്‍ തടയുന്നതിന് നല്ലൊരു പ്രതിവിധിയാണ്. വ്രണങ്ങള്‍ ഉണങ്ങുന്നതിന് കുടംപുളി തൈലം പുരട്ടുന്നത് നല്ലതാണ്. പല്ലിന്റെ മോണയ്ക്ക് ബലം നല്‍കുന്നതിന് കുടംപുളിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കൊള്ളുന്നത് വളരെ നല്ലതാണ്.

പ്രമേഹ രോഗികള്‍ ദിവസവും കുടംപുളി കഴിക്കുന്നത് രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകരമാണ്. ത്വക്ക് രോഗങ്ങള്‍ക്ക് കുടംപുളിയുടെ വേരിന്റെ തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്. ശരീരഭാരം കുറയുന്നതിനും കുടംപുളി വളരെ ഫലപ്രദമായ ഔഷധമാണ്. പഴുത്ത കുടംപുളിയുടെ ഫലവും മറ്റു ഭാഗങ്ങളും ചേര്‍ത്ത് വൈന്‍ ഉണ്ടാക്കി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Exit mobile version