കോലനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ കേമനാണ് മുരിങ്ങാക്കോല്‍

രക്തസമ്മര്‍ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങാക്കോലിടങ്ങിയ വിറ്റാമിനുകള്‍ സഹായിക്കും

ഒരേ സമയം ശുദ്ധമായ പച്ചക്കറിയും, ഇലക്കറിയും ദാനം ചെയ്യുന്ന ഒന്നാണ് മുരിങ്ങമരം. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം. മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍. സാമ്പാറിലും അവിയലിലും പ്രധാനി ഇവന്‍ തന്നെ. എന്തിനേറെ പറയുന്നു മീന്‍കറിയിലും ബീഫ്കറിയിലും വരെ മുരിങ്ങാക്കോലിട്ട് വെക്കുന്ന ആളുകളുണ്ട്. രുചി ഉള്ളത് പോലെ തന്നെ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് മുരിങ്ങാക്കോല്‍.

മുരിങ്ങാക്കോലില്‍ ജീവകം സി ധാരാളം അടങ്ങിയിരിപ്പുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കും. ജലദോഷം, ചുമ, പനി, ഇവയെയെല്ലാം അകറ്റി നിര്‍ത്താനും മുരിങ്ങാക്കോലിന് കഴിവുണ്ട്. മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ധാരാളമുണ്ട്. ഇവ തൊണ്ടയിലും ചര്‍മത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തിന് പ്രധാന കാരണമാകുന്നത് കാത്സ്യത്തിന്റെ അപര്യാപ്തയാണ്. കാല്‍സ്യം, ഇരുമ്പ്, മറ്റു ജീവകങ്ങള്‍ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. മുരിങ്ങാക്കോല്‍ ജ്യൂസ് അടിച്ച് ദിവസവും കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കും. പാലിലും ജ്യൂസ് അടിച്ച് കഴിക്കാം. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിനും മുരിങ്ങാക്കോല്‍ നല്‍കുന്നത് നല്ലതാണ്.

മുരിങ്ങക്കോല്‍ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്‌നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബി കോംപ്ലക്‌സ് ജീവകങ്ങളായ നിയാക്‌സിന്‍, റൈബോഫ്‌ലേവിന്‍, ഫോളിക് ആസിഡ്, പിരിഡോക്‌സിന്‍ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകള്‍ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തില്‍ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങള്‍ നിയന്ത്രിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങാക്കോലിടങ്ങിയ വിറ്റാമിനുകള്‍ സഹായിക്കും. മുരിങ്ങയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പരിക്കോ അണുബാധയോ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. ആര്‍ത്തവ വേദന അകറ്റാന്‍ മുരിങ്ങിയില നീര് സഹായിക്കും.

ഗര്‍ഭകാലത്ത് മുരിങ്ങക്കോല്‍ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കും. മാത്രമല്ല, പ്രസവസമയത്തും ശേഷവുമുള്ള സങ്കീര്‍ണതകളെയും ലഘൂകരിക്കും. ഗര്‍ഭിണികള്‍ മുരിങ്ങാക്കോല്‍ വെറുതെ ഉപ്പിട്ട് പുഴുങ്ങിയെടുത്ത്, ആ വെള്ളമൂറ്റിക്കളഞ്ഞതിന് ശേഷം നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഒരുപിടി മുരിങ്ങയില തോരന്‍ വച്ച് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. മുരിങ്ങക്കോലിന് ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് ഗുണങ്ങളുമുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച തടയുന്നു. അതിസാരവും അകറ്റുന്നു.

Exit mobile version