ബീച്ചിൽ നടക്കുമ്പോൾ മോഡിയുടെ കൈയ്യിൽ എന്തായിരുന്നു; ആകാംക്ഷയോടെ സോഷ്യൽമീഡിയ; ഉത്തരം പറഞ്ഞ് മോഡി

നരേന്ദ്ര മോഡിയുടെ നടത്തവും ബീച്ച് വൃത്തിയാക്കലുമൊക്കെ ചർച്ച ചെയ്തതിന്റെ കൂട്ടത്തിലാണ് പ്രധാനമന്ത്രിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ഉപകരണവും ചർച്ചയായത്.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മഹാബലിപുരത്ത് നടത്തിയ അനൗദ്യോഗിക ഉച്ചകോടിയിൽ കാശ്മീർ ഉൾപ്പടെ പല വിഷയങ്ങളും ചർച്ചയായി. എന്നാൽ സോഷ്യൽമീഡിയയിൽ ചർച്ചയായത് ഇതൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യിലുണ്ടായിരുന്ന ഒരു ഉപകരണമാണ് എവിടെയും ചർച്ചാവിഷയമാത്. മഹാബലിപുരത്തെ കടൽത്തീരത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടത്തവും ബീച്ച് വൃത്തിയാക്കലുമൊക്കെ ചർച്ച ചെയ്തതിന്റെ കൂട്ടത്തിലാണ് പ്രധാനമന്ത്രിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ഉപകരണവും ചർച്ചയായത്.

ഇതോടെ ഇതിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടി മോഡി തന്നെ ട്വിറ്ററിലൂടെ നൽകി. പരമ്പരാഗത ചൈനീസ് ഉപകരണമായ അക്യുപ്രഷർ റോളറാണിത്. ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങുമായി ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി കടൽത്തീരത്ത് നടക്കാനിറങ്ങിയിരുന്നു. ഇതിനിടെയാണ് മോഡി അക്യു പ്രഷർ റോളറും ഉപയോഗിച്ചത്. മോഡിയുടെ കയ്യിൽ ഒരു റോളർ കണ്ടതോടെ ആ ഉപകരണത്തെ കുറിച്ച് കൂടുതൽ പേർ അന്വേഷണം തുടങ്ങിയിരുന്നു.

ഇതേസമയം, പ്രധാനമന്ത്രി തന്നെ അത് എന്താണെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ‘ഇന്നലെ മുതൽ നിങ്ങളിൽ പലരും ചോദിക്കുന്നു – കടൽത്തീരത്ത് പ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഞാൻ എന്താണ് കയ്യിൽ പിടിച്ചിരുന്നതെന്ന്. ഇത് ഞാൻ എപ്പോഴും ഉപയോഗിക്കുന്ന ഒരു അക്യുപ്രഷർ റോളറാണ്.’ അക്യുപ്രഷർ റോളർ വളരെ ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി ട്വീറ്റിൽ വെളിപ്പെടുത്തി.

റിഫ്‌ലെക്‌സോളജി, നാഡി ഉത്തേജനം, രക്തചംക്രമണം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ചൈനീസ് ഉപകരണമാണ് അക്യുപ്രഷർ റോളറുകൾ. നമ്മുടെ കൈകളിലെയും കാലുകളിലെയും ആയിരക്കണക്കിന് ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഇതുവഴി നമ്മുടെ ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കാനും സാധിക്കും. ഇത് സമ്മർദ്ദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനും മനസിനും ശരീരത്തിനും വിശ്രമം നൽകാനും സഹായിക്കുന്നു എന്നാണ് ചൈനീസ് വിദഗ്ധരുടെ വിശദീകരണം.

Exit mobile version