ബ്യൂട്ടിപാര്‍ലറില്‍ പോയി കഷ്ട്ടപ്പെടേണ്ട, വീട്ടില്‍ തന്നെ ഉണ്ടാക്കാം ഹെന്ന

മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഏറ്റവും നല്ല പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് ഹെന്ന

മുടി കൊഴിച്ചില്‍, താരന്‍, അറ്റം വിണ്ടുകീറല്‍, അകാല നര എന്നിവ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്ന കാര്യമാണിത്. ഭക്ഷണക്രമത്തിലും ജീവിതരീതിയിലും വന്ന വലിയ മാറ്റം തന്നെയാണ് ഒരു പരിധി വരെ ഇതിനു കാരണം. ക്ലോറിന്‍ വെള്ളത്തില്‍ കുളിക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് ഇതിന്റെ തോത് കൂട്ടുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമാര്‍ഗമാണ് ഹെന്ന. മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഏറ്റവും നല്ല പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് ഹെന്ന. വേനല്‍ക്കാലത്ത് മുടിയുടെ സംരക്ഷണത്തിനും തലയ്ക്ക് തണുപ്പ് നല്‍കാനും ഹെന്ന വളരെ നല്ലതാണ്. ഹെന്ന ചെയ്യാനായി ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ സമയമില്ലാത്തവര്‍ക്ക് ഇതെല്ലാം വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതാണ്.

ഹെന്ന മിശ്രിതം തയ്യാറാക്കേണ്ട രീതി

മൈലാഞ്ചി പൊടി – 2 സ്പൂണ്‍
മുട്ടയുടെ വെള്ള – 2 എണ്ണം
നാരങ്ങയുടെ നീര് – 1 സ്പൂണ്‍
നെല്ലിക്കാപൊടി – 8 സ്പൂണ്‍
തൈര് – 8 സ്പൂണ്‍
തേയില വെള്ളം കടുപ്പത്തില്‍ – മിശ്രിതം കുഴമ്പാക്കാന്‍ ആവശ്യമുള്ളത്

മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം തേയില വെള്ളം ഉപയോഗിച്ച് മിശ്രിത രൂപത്തിലാക്കുക. ശേഷം സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുക. പുറത്തെടുത്ത് തലയില്‍ തേച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു കഴുകികളയുക.

ഹെന്ന ഉപയോഗിക്കേണ്ട വിധം,

ഹെന്ന ചെയ്യുമ്പോള്‍ മുടിയില്‍ അഴുക്കുണ്ടാകാന്‍ പാടില്ല. തല നന്നായി ചീകുകയാണ് ആദ്യം ചെയ്യേണ്ടത്. ടെയില്‍ കോമ്പിന്റെ ടെയില്‍ ഉപയോഗിച്ച് തലയിലെ ചര്‍മം ഇളക്കുക. പിന്നീട് മസാജര്‍ ഉപയോഗിക്കുന്നത് ഹെന്ന കൂടുതല്‍ ഫലം ചെയ്യവാന്‍ ഉപകരിക്കും. മസാജ് ചെയ്യുമ്പോള്‍ ശിരോചര്‍മ്മത്തിലെ കോശങ്ങള്‍ നന്നായി ഉത്തേജിക്കപ്പെടും. ഇത് ഹെന്നയിലെ പോഷകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. മുടി അല്പാല്പമായി നീക്കി കൂട്ട് തലയില്‍ തേച്ചുപിടിപ്പിച്ച് ചുറ്റിവെക്കണം. തലയോട്ടിയില്‍ തേച്ചശേഷം ഇനി മുടിയില്‍ മുഴുവനായും തേക്കാം. ഒരു മണിക്കൂറെങ്കിലും ഹെന്ന ഇട്ട് ഇരിക്കണം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. കഴുകുമ്പോള്‍ ഷാംമ്പു ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Exit mobile version