ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ആന്‍ഡ്രോയിഡിനുവരെ കേടുപാടുകള്‍ വരുത്തി, പ്ലേ സ്റ്റോറില്‍ നിന്ന് 22 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ആപ്പുകള്‍ ആപ്പാകുമ്പോള്‍

ടെക് ഭീമന്‍ ഗൂഗിള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തിയ 22 ഓളം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. രണ്ട് മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും. ഒരുവര്‍ഷം മുന്‍പാണ് അപകടകാരികളായ 22 ആപ്പുകളില്‍ കൂടുതലും പ്ലേ സ്റ്റോറില്‍ ഇടംപിടിച്ചത്. ഉപയോക്താവറിയാതെ ഉപകരണത്തിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ആപ്പുകളായിരുന്നു ഇവയില്‍ മിക്കവയും. സ്പാര്‍ക്കിള്‍ ഫ്‌ളാഷ് ലൈറ്റ് തുടങ്ങിയ ഇത്തരം ആപ്പുകളില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന അപ്പ്‌ഡേഷന്‍ വരുത്തിയത്.

ഉപയോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുക വഴി ഉപയോക്താവിനും ഒപ്പം ആന്‍ഡ്രോയിഡ് സിസ്റ്റത്തിന് വരെ കേടുപാടുകള്‍ വരുത്താന്‍ കഴിയുന്ന ആപ്പുകളായിരുന്നു ഇവ. ഉപയോക്താവ് അറിയാതെ തന്നെ ഇവ ഉപകരണത്തില്‍ പ്രവര്‍ത്തിക്കുകയും പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉപയോക്താവ് ആപ്പ് ഫോഴ്‌സ് ക്ലോസ് ചെയ്താലും അവ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ക്കു പുറമെ ഫോണ്‍ ബാറ്ററി ഉപയോഗിക്കുകയും, മറ്റ് അപകടകാരികളായ പ്രവര്‍ത്തനങ്ങള്‍ ഫോണില്‍ നടത്തുകയും ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് സാധിച്ചിരുന്നു.

ഇത്തരം വിഷയങ്ങള്‍ ഗൂഗിള്‍ വിശദമായി പഠിക്കുന്നുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വളരെ അപകടകാരികളായ ആപ്പുകളാണ് നിരോധിച്ചത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഗൂഗിള്‍ ഇത് ഗൗരവപൂര്‍വ്വം കാണുന്നു. വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഗൂഗിള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സി എം ഫയല്‍ മാനേജര്‍, കിക്കാ കീ ബോര്‍ഡ് എന്നിവയും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടുന്നു.

Exit mobile version