ഓര്‍ഡര്‍ ചെയ്ത് 14 സെക്കന്‍ഡിനുള്ളില്‍ ഭക്ഷണമെത്തും : ഈ റസ്റ്ററന്റ് വാര്‍ത്തകളിലിടം പിടിക്കുന്നത് ഇങ്ങനെ

റസ്റ്ററന്റില്‍ പോയാല്‍ ക്ഷമ നശിക്കുന്ന ഒരു കാര്യമാണ് ഓര്‍ഡര്‍ എത്താനെടുക്കുന്ന സമയം. ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും വെള്ളം കുടിച്ചുമൊക്കെ സമയം കളയുക എന്നത് കാലാകാലങ്ങളായി സര്‍വസാധാരണമായി കണക്കാക്കുന്ന ഒരു കാര്യവുമാണ്. എന്നാല്‍ സ്‌പെയിനില്‍ ഒരു റസ്റ്ററന്റ് ഓര്‍ഡര്‍ പ്ലെയ്‌സ് ചെയ്യുന്നതില്‍ അതിവേഗം ബഹുദൂരം ലൈനാണ്. ഇവിടെ പതിനാല് സെക്കന്‍ഡിനുള്ളിലാണ് ഭക്ഷണം കസ്റ്റമേഴ്‌സിന്റെ മുന്നിലെത്തുന്നത്.

കാര്‍നെ ഗരിബാല്‍ഡി എന്നാണ് റസ്റ്ററന്റിന്റെ പേര്. ഏറ്റവും വേഗത്തില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതിഥികളുടെ ടേബിളില്‍ എത്തിക്കുന്നതില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഗരിബാല്‍ഡി. 13.4 സെക്കന്‍ഡ് കൊണ്ട് ഓര്‍ഡര്‍ പ്ലെയ്‌സ് ചെയ്താണ് റസ്റ്ററന്റിന്റെ റെക്കോര്‍ഡ്.ഏറ്റവും പെട്ടെന്ന് ആര് ഓര്‍ഡര്‍ ടേബിളിലെത്തിക്കും എന്ന് വെയിറ്റര്‍മാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഒരു മത്സരം ആണ് പിന്നീട് റസ്റ്ററിന്റെ പോളിസിയായതും ചരിത്രം തന്നെ മാറ്റിമറിച്ചതും.

ഗരിബാല്‍ഡിയിലെ ഡെലിവറിയുടെ സ്പീഡ് അറിയാന്‍ അതിഥികള്‍ സ്റ്റോപ് വാച്ചുമായി ഇരുന്ന് സമയം തിട്ടപ്പെടുത്താറുണ്ട്. 14 സെക്കന്‍ഡിനപ്പുറം ഓര്‍ഡര്‍ വൈകില്ലെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത്. മിന്നല്‍ വേഗത്തിലുള്ള ഡെലിവെറിക്ക് ഇതിന് മുമ്പും നിരവധി അവാര്‍ഡുകള്‍ ഗരിബാല്‍ഡി നേടിയിട്ടുണ്ട്.

പ്രധാനമായും സ്പാനിഷ്, മെക്‌സിക്കന്‍ വിഭവങ്ങളാണ് റസ്റ്ററന്റില്‍ തയ്യാറാക്കുന്നത്. കാലത്ത് റസ്റ്ററന്റ് തുറക്കുന്നതിന് വളരെ മുമ്പ് തന്നെ ഭക്ഷണം തയ്യാറാക്കി വയ്ക്കും. മണിക്കൂറുകളോളം ലോ ഫ്‌ളെയിമില്‍ പാകം ചെയ്ത് നല്‍കുന്ന വിഭവങ്ങളുമുണ്ട്. കാര്‍നെ എന്‍ സു ജുഗോ എന്ന വിഭവമാണ് ഇവിടുത്തെ ഏറ്റവും സ്‌പെഷ്യല്‍ ഐറ്റം. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ഡെലിവെര്‍ ചെയ്യപ്പെടുന്ന വിഭവം കൂടിയാണിത്.

Exit mobile version