‘പ്രമുഖരുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അനുഗ്രഹം ആണ്’; ജയസൂര്യ

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടന്‍ ജയസൂര്യ. അന്വേഷണം, രാമസേതു, തൃശ്ശൂര്‍ പൂരം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ എല്ലാവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മെട്രോ മാന്‍ ഇ ശ്രീധരന്റെ ബയോപിക്ക് ആയ ‘രാമസേതു’വും നടന്‍ സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയും.

ഇത്തരത്തില്‍ പ്രമുഖരുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് തനിക്ക് ലഭിച്ച വലിയ അനുഗ്രഹം ആണെന്നാണ് ജയസൂര്യ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം താന്‍ ബയോപ്പിക്കുകള്‍ തിരഞ്ഞു പിടിച്ചു അഭിനയിക്കുന്നതല്ലെന്നും അതൊക്കെ തന്നെ തേടി വരുന്നതാണെന്നും ജയസൂര്യ പറഞ്ഞു.

‘യഥാര്‍ത്ഥ മനുഷ്യരെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ആടും സുധി വാത്മീകവും പോലുള്ള സിനിമകളില്‍ കഥാപാത്രത്തിന്റെ ശരീരഭാഷയും ചലനങ്ങളും ഒക്കെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ജനങ്ങള്‍ക്ക് ഇടയില്‍ ജീവിക്കുന്ന ഒരാളെ സ്‌ക്രീനില്‍ എത്തിക്കുന്നത് എളുപ്പമല്ല. അവരുടെ ജീവിതം പഠിക്കാന്‍ കൂടുതല്‍ സമയം എടുക്കണം. നമുക്ക് കൂട്ടി ചേര്‍ക്കലുകള്‍ നടത്താനാവില്ല. പക്ഷേ താന്‍ ഈ പ്രക്രിയ നന്നായി ആസ്വദിക്കുന്നു. കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത് കൂടുതല്‍ ആവേശം നല്‍കുന്നു.

ജീവിതത്തില്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച ആളാണ് ശ്രീധരന്‍ സാര്‍. ഇത്തരം മഹാന്മാരുടെ ജീവിതം കാണുന്നവര്‍ക്കും ഊര്‍ജം നല്‍കും. സത്യന്‍ ഒരു നടന്‍ എന്നതില്‍ ഉപരി ഒരു അധ്യാപകനും പട്ടാളക്കാരനും പോലീസുകാരനും ആണ്. ഇങ്ങനെ പല അടരുകള്‍ ഉള്ള ഒരു ജീവിതത്തെ അവതരിപ്പിക്കാന്‍ ആയതിലും സന്തോഷമുണ്ട്’ എന്നാണ് ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version