‘നീല പെയിന്റ് കാരണം അവതാർ ഒഴിവാക്കി’; ട്രോളുകൾ വേദനിപ്പിക്കുന്നു; ഗോവിന്ദയ്ക്ക് മാനസികസ്വാസ്ഥ്യമെന്ന് സുഹൃത്തുക്കൾ

ഹോളിവുഡിലെ ചരിത്ര സിനിമ അവതാറിന് താനാണ് പേര് നിർദേശിച്ചതെന്ന ബോളിവുഡ് താരം ഗോവിന്ദയുടെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു. താരത്തിനെതിരെ ട്രോളുകളുമായി സോഷ്യൽമീഡിയയിൽ ആഘോഷം കൊഴുക്കുന്നതിനിടെ അടുത്ത സുഹൃത്തുക്കൾ പിന്തുണയുമായി രംഗത്ത്. ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമായിരുന്ന അവതാറിൽ തനിക്കൊരു കഥാപാത്രമുണ്ടെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നെന്നും സിനിമ പൂർത്തിയാകാൻ ഏഴ് വർഷം എടുക്കുമെന്നാണ് താൻ കാമറൂണിനോട് പറഞ്ഞിരുന്നെന്നുമായിരുന്നു ഗോവിന്ദയുടെ അവകാശവാദങ്ങളിൽ ഉണ്ടായിരുന്നത്. ഒരു പ്രമുഖ ടിവി ചാനലിലെ ടോക് ഷോയിലായിരുന്നു ഗോവിന്ദയുടെ വെളിപ്പെടുത്തലുകൾ.

410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാൻ സാധിക്കാത്തത് കൊണ്ടാണ് കാമറൂൺ ചിത്രത്തിലെ വേഷം താൻ ഉപേക്ഷിച്ചതെന്നും ഗോവിന്ദ പറഞ്ഞിരുന്നു. ഇതോടെയാണ് ട്രോളുമായി സോഷ്യൽമീഡിയ രംഗത്തെത്തിയത്. സിനിമയിൽ അവസരം കുറഞ്ഞ ഗോവിന്ദ വാർത്തകളിലിടം പിടിക്കാനാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നായിരുന്നു ഒരു കൂട്ടരുടെ കുറ്റപ്പെടുത്തൽ.

ഇത്രയുമായതോടെ, സഹികെട്ട് കുടുംബവും സുഹൃത്തുക്കളും പ്രതികരണുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗോവിന്ദയ്ക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടെന്നും കൗൺസിലിങ് അത്യാവശ്യമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ഗോവിന്ദയെ കളിയാക്കി വരുന്ന ട്രോളുകൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നു.

ഒരു സിനിമയുടെ സെറ്റിൽ വച്ച് ഒരാളെ തല്ലിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. സൂപ്പർ ഹിറ്റ് സിനിമകളിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അത് ഒഴിവാക്കിയെന്നും അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. ഗോവിന്ദ അവസാനമായി പ്രധാനവേഷത്തിലെത്തിയ രംഗീല രാജ എന്ന സിനിമ വിതരണം ചെയ്യാൻ വിതരണക്കാർ സമ്മതിച്ചില്ല. ഇന്ന് അദ്ദേഹത്തെ സഹായിക്കാൻ സിനിമയിൽ സുഹൃത്തുക്കൾ ആരുമില്ല, ഞങ്ങൾ ആശങ്കയിലാണ്- ഗോവിന്ദയുമായി വർഷങ്ങൾ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version