‘അവതാർ ചിത്രത്തിന് പേര് നിർദേശിച്ചത് ഈ ഞാൻ’; 410 ദിവസം ശരീരത്തിൽ പെയിന്റ് ചെയ്യേണ്ടതിനാൽ ചിത്രമുപേക്ഷിച്ചെന്നും ഗോവിന്ദ; തള്ളി മറിക്കല്ലേയെന്ന് പ്രേക്ഷകർ

ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണചിത്രങ്ങളിലൊന്നായ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം അവതാർ സിനിമയെ കുറിച്ച് അവകാശവാദങ്ങളുമായി ബോളിവുഡ് നടൻ ഗോവിന്ദ. അവതാർ എന്ന പേര് താനാണ് ജെയിംസ് കാമറൂണിന് നിർദേശിച്ചതെന്നും തനിക്ക് ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ ഓഫറുണ്ടായിരുന്നെന്നും ഗോവിന്ദ പറയുന്നു.

ചിത്രത്തിലെ വേഷം ശരീരത്തിൽ നീലചായം പൂശാൻ താൽപര്യമില്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ‘അവതാർ എന്ന പേര് ഞാൻ നിർദേശിച്ചതാണ്. അത് സൂപ്പർഹിറ്റായി. അങ്ങനെയാവുമെന്നും ഞാൻ ജയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴു വർഷമെടുക്കും ഈ പ്രോജക്ട് പൂർത്തിയാക്കാനെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കൾക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അവസാനം ഞാൻ പറഞ്ഞപോലെ എട്ട്-ഒൻപത് വർഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പർഹിറ്റായതും. സിനിമയിൽ എനിക്കൊരു റോളും കാമറൂൺ ഓഫർ ചെയ്തിരുന്നു. പക്ഷേ അതിനുവേണ്ടി ദേഹത്തു മുഴുവൻ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു’.- ഗോവിന്ദ പറയുന്നു.

അതേസമയം, ഗോവിന്ദയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽമീഡിയ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തിലൊക്കെ തള്ളിയാൽ മതിയെന്നാണ് ആരാധകരുടെ താരത്തിനോടുള്ള ഉപദേശം. ജീവിതത്തിലും നർമ്മം ഒരു ഭാഗമാക്കിയ ഗോവിന്ദയുടെ കുസൃതി മാത്രമാണോ ഇതെന്നും പ്രേക്ഷകർക്ക് സംശയമുണ്ട്. ഇക്കാര്യം സത്യമാണോ എന്നറിയാൻ ചിലർ സാക്ഷാൽ കാമറൂണിന് ട്വിറ്ററിലൂടെ സന്ദേശമയച്ച് കാത്തിരിപ്പിലാണ്.

Exit mobile version