‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു

നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹമാക്കിയ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഫേസ്ബുക്ക് ലൈവിലൂടെ ജോജു തന്നെയാണ് ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചത്. ‘ചോല’യുടെ റെഡ് കാര്‍പ്പെറ്റ് വേള്‍ഡ് പ്രിമിയറിന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, ഷാജി മാത്യു എന്നിവര്‍ പങ്കെടുക്കും. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് വെനീസ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

‘ചോല’ മേളയിലെ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി. ഇതിനു മുമ്പ് വെനീസ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കുത്ത് എന്നിവയാണ്.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജ് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡ് നേടികൊടുത്തിരുന്നു.

Exit mobile version