അജിത്ത് ഈ വിജയം അര്‍ഹിക്കുന്നു എന്നെങ്കിലും നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കും: ഐശ്വര്യ റായ്

ലോക സുന്ദരി പട്ടം ചാര്‍ത്തിയ ഐശ്വര്യാ റായ് അടക്കം നിരവധി പ്രമുഖ താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. മമ്മൂട്ടി, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. പത്തൊന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തില്‍ അജിത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യാ റായ് ബച്ചന്‍ ഇപ്പോള്‍. ചെന്നൈയില്‍ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടു ‘ദി ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ദിനങ്ങളെക്കുറിച്ചു പറഞ്ഞത്.

”അജിത്ത് വളരെ പ്രൊഫഷണലായ, വ്യക്തിയാണ്. അദ്ദേഹത്തിന്റെ വിജയം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. അതിനദ്ദേഹം അര്‍ഹനാണ്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ അദ്ദേഹത്തോടൊപ്പം അധികം കോംപിനേഷന്‍ സീന്‍സ് ഉണ്ടായിരുന്നില്ല. പക്ഷേ, സെറ്റില്‍ വെച്ച് അജിത്തിനെയും കുടുംബത്തെയും കാണാറുണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും അദ്ദേഹത്തെ കാണാനായാല്‍ അജിത്ത് അര്‍ഹിച്ച ഈ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു”, ഐശ്വര്യ പറഞ്ഞു.

1994ല്‍ മിസ് ഇന്ത്യാ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യാ റായ് 1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഞ്ച് നായികയമാരില്‍ ഒരാളായിട്ടായിരുന്നു അഭിനയജീവിതത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Exit mobile version