‘തേപ്പുകള്‍ ഫാഷനായ ഈ കാലത്ത് ഇതുപോലുള്ള പ്രണയം വിരളമാണ്’; മാര്‍ക്കോണി മത്തായിയെക്കുറിച്ച് അജു വര്‍ഗീസ്

സനില്‍ കളത്തില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആത്മീയ ആണ് നായിക

കഴിഞ്ഞ ദിവസമാണ് ജയറാം നായകനായി തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ‘മാര്‍ക്കോണി മത്തായി’ തീയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അജു വര്‍ഗീസ്.

‘മാര്‍ക്കോണി മത്തായിയില്‍ പറയുന്നത് ഒരു നല്ല പ്രണയമാണ്. ഈ പ്രണയത്തെക്കുറിച്ചു ഞാന്‍ പറയാന്‍ കാരണം, തേപ്പുകള്‍ ഫാഷനായ ഒരു കാലഘട്ടത്തില്‍ ഇതുപോലെയുള്ള ഒരു പ്രണയം വളരെ വിരളമാണ്, നമുക്ക് ഇത്തരത്തിലുള്ള പ്രണയം പരിചിതമാണോ എന്ന് ചോദിച്ചാല്‍ തീരെ ചാന്‍സ് കുറവാണ്. ചിത്രത്തിലെ തന്റെ വേഷം എന്നും ഉള്ളത് പോലെ നര്‍മ്മം മാത്രമുള്ളതല്ല മറിച്ച് വികാരപരമായ അല്‍പ്പം ഒരു ഗൗരവമുള്ള കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചു ഞാന്‍ ചെയ്ത ഒരു സിനിമയാണ്’ എന്നാണ് അജു പറഞ്ഞിരിക്കുന്നത്.

സനില്‍ കളത്തില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആത്മീയ ആണ് നായിക. ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്, കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങിയവരാണ് ചിത്ത്രതിലെ മറ്റ് താരങ്ങള്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version