‘കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത’; സംവൃത സുനില്‍

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

ലാല്‍ ജോസ് ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ബിജു മേനോന്‍ നായകനായി എത്തുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ തിരിച്ചു വരവ്.

ചിത്രത്തില്‍ തനി നാട്ടുപുറത്തുകാരി ആയാണ് സംവൃത എത്തുന്നത്. നായകനായ ബിജു മേനോന്റെ ഭാര്യാ കഥാപാത്രമാണിത്. ഗീത എന്നാണ് കഥാപാത്രത്തിന്റെ പേര്.

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തില്‍ ബിജു ചേട്ടന്റെ കഥാപാത്രമായ സുനി ചേട്ടന്റെ ഭാര്യയായ ഗീത എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു മകളുണ്ട്. വളരെ ചെറിയൊരു കുടുംബമാണ്. വളരെ പ്രത്യേക സ്വഭാവമുളളയാളാണ് സുനി ചേട്ടന്‍. അങ്ങനെയുളള ഒരു ഭര്‍ത്താവിനെ സ്നേഹിച്ച് കുടുംബത്തെ നോക്കി കൊണ്ടുപോകുന്ന ഭാര്യയാണ് ഗീത. വളരെ സാധാരണക്കാരിയായ പെണ്‍കുട്ടി. എനിക്ക് തോന്നുന്നു കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവൃത പറഞ്ഞത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍ ,ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂലൈ 12 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version