‘പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്, പക്ഷേ എന്റെ പരിമിതികളെക്കുറിച്ച് ഞാന്‍ ബോധവതിയാണ്’; അനു സിത്താര

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കമാണ് താരത്തിന്റെ അടുത്ത ചിത്രം

ചുരുങ്ങിയ കാലം മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് അനു സിത്താര. കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ അനുവിനെ തേടി എത്തുന്നത്. ടൊവീനോയുടെ നായികയായി എത്തിയ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടൂവിനും ദീലീപിന്റെ നായികയായി എത്തിയ ശുഭരാത്രിക്കും മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ അഭിനയത്തെ കുറിച്ച് മനസ് തുറന്ന് ഇരിക്കുകയാണ് താരം.

തന്റെ പരിമിതികളെക്കുറിച്ച് തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാം കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് സാധിച്ചെന്ന് വരില്ലെന്നുമാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു വ്യക്തമാക്കിയത്. തനിക്ക് പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. എന്നാല്‍ ചിലപ്പോള്‍ ആ കഥാപാത്രത്തോട് ഞാന്‍ നോ പറഞ്ഞേക്കാം. കാരണം ഞാന്‍ ഇനിയും ഏറെ പഠിക്കാനുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. മിഥുനത്തില്‍ ഉര്‍വ്വശി ചേച്ചി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണെന്നും അനു സിത്താര അഭിമുഖത്തില്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനുമൊത്ത് അഭിനയിച്ച രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി എന്ന കഥാപാത്രം ഒരു നായിക എന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മാലിനിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ എത്തി സംവിധായകന്‍ വിശദീകരിച്ച് തന്നപ്പോഴാണ് കുറച്ചെങ്കിലും പിടികിട്ടിയത്. മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കമാണ് താരത്തിന്റെ അടുത്ത ചിത്രം. ചരിത്ര സിനിമകള്‍ വളരെ അപൂര്‍വ്വമായാണ് സംഭവിക്കാറുള്ളത്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. എല്ലാവരെയും പോലെ ഞാനും ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.

Exit mobile version