‘മറ്റുള്ളവരുടെ മനസില്‍ വേദനയുണ്ടാക്കാന്‍ ഒരു വാക്കു മതി, എന്നെ വേദനിപ്പിച്ചവരൊക്കെ മനസിലുണ്ട്, പക്ഷേ ഞാന്‍ തിരിച്ച് ആരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്’; ഇന്ദ്രന്‍സ്

പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും തന്റെ ജീവിത്തില്‍ കടന്നു പോയ വഴികളിലെ ദുഃഖകരമായ ഓര്‍മ്മകള്‍ അദ്ദേഹത്തെ ഇപ്പോഴും വേദനിപ്പിക്കാറുണ്ട്

മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സിന് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ റെഡ് കാര്‍പെറ്റ് വെല്‍ക്കം കിട്ടിയത് മലയാളികള്‍ ഏറെ ആഘോഷിച്ചതാണ്. കഴിഞ്ഞ ദിവസമാണ് താരം തിരിച്ചെത്തിയത്. മികച്ച സ്വീകരണമാണ് വിമാനത്താവളത്തില്‍ താരത്തിന് ലഭിച്ചത്.

പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും തന്റെ ജീവിത്തില്‍ കടന്നു പോയ വഴികളിലെ ദുഃഖകരമായ ഓര്‍മ്മകള്‍ അദ്ദേഹത്തെ ഇപ്പോഴും വേദനിപ്പിക്കാറുണ്ട്. ഈ അനുഭവങ്ങളെല്ലാം ഒരു പുസ്തക രൂപത്തില്‍ ആക്കണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

‘വെറുമൊരു വാക്ക് കൊണ്ട് മറ്റുള്ളവരുടെ മനസില്‍ വേദന ഉണ്ടാക്കാന്‍ സാധിക്കും. എന്നെ വേദനപ്പിച്ചവരൊക്കെ മനസിലുണ്ട്. പക്ഷേ ഞാന്‍ തിരിച്ച് ആരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. അനുഭവങ്ങളൊക്കെ പുസ്തകമാക്കണം. അന്നും എന്നെ വേദനിപ്പിച്ച എല്ലാവരുടേയും പേര് വെളിപ്പെടുത്താനാകുമോ എന്നറിയില്ല’ എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്.

താന്‍ സിനിമയില്‍ തയ്യല്‍ ജോലി ചെയ്തിരുന്ന സമയത്ത് തന്നോടൊപ്പം കോസ്റ്റ്യൂം ചെയ്തിരുന്ന ആള്‍ പിന്നീട് തിരക്കഥയൊക്കെ എഴുതി അസിസ്റ്റന്റ് ഡയറക്ടറായി. എന്തൊക്കെയോ പുരസ്‌കാരങ്ങളും ലഭിച്ചു. അങ്ങനെയിരിക്കെ ഒരു പുരസ്‌കാര വേദിയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. വലിയ പുരസ്‌കാര വേദിയാണത്. എന്നെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, ഇന്ദ്രന്‍സിപ്പോള്‍ പഴയ പോലൊന്നുമല്ല, അടൂര്‍ സാറിന്റെ ചിത്രത്തിലൊക്കെയാണ് അഭിനയിക്കുന്നത് എന്ന്. അത് കേട്ടപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആ പഴയ സുഹൃത്ത് ചോദിച്ചു, ‘ഇന്ദ്രന്‍സ് അത്രയ്ക്ക് ഉയര്‍ന്നോ, അതോ അടൂരിന് അത്ര നിലവാരത്തകര്‍ച്ച വന്നോ എന്ന്?’ ഇതു കേട്ട് മറ്റുള്ളവരൊക്കെ പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ മനസുമാത്രം തേങ്ങി എന്നാണ് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version