‘ഇച്ചായാ എന്ന് ആളുകള്‍ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല’; ടൊവീനോ തോമസ്

താനൊരു ക്രിസ്ത്യാനി ആയത് കൊണ്ടാണ് തന്നെ ഇങ്ങനെ വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് ടൊവീനോ ചോദിച്ചത്

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ടൊവീനോ തോമസ്. അഭിനയിച്ച ചിത്രങ്ങളൊക്കെ ഇപ്പോ ഹിറ്റ് ചാര്‍ട്ടിലാണ് ഇടം നേടിയിരിക്കുന്നത്. ഇപ്പോഴിതാ തന്നെ ആളുകള്‍ ഇച്ചായാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താനൊരു ക്രിസ്ത്യാനി ആയത് കൊണ്ടാണ് തന്നെ ഇങ്ങനെ വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് ടൊവീനോ ചോദിച്ചത്.

ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് എന്റെ ചോദ്യം. സിനിമയില്‍ വരുന്നതിന് മുമ്പോ അല്ലെങ്കില്‍ കുറച്ച് നാള്‍ മുമ്പ് വരെ ഞാന്‍ ഈ വിളികളൊന്നും കേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ഇച്ചായാ എന്ന് വിളിക്കുന്നതില്‍ അതൃപ്തിയുണ്ട്.

‘ഞാന്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഇച്ചായാ വിളി തനിക്ക് പരിചയമില്ലാത്തതാണ്. ഒരു പക്ഷേ അത് എന്നോടുള്ള ഇഷ്ടം കൊണ്ടാവാം. എന്നാലും മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവാണേല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായാല്‍ ഇച്ചായന്‍ എന്നും വിളിക്കുന്ന രീതിയോട് എനിക്ക് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്നൊ ടൊവി എന്നൊക്കെ വിളിക്കാം’ എന്നാണ് താരം പറഞ്ഞത്.

സലീം അഹമ്മദ് സംവിധാനം ചെയ്ത ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂവാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ടൊവീനോ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Exit mobile version