മീ ടൂ: നിശബ്ദ പ്രതികരണമാണിഷ്ടം: പലപ്പോഴും സെറ്റുകളില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്, നിലപാട് തുറന്ന് പറഞ്ഞ് നിത്യാമേനോന്‍

മീ ടൂ ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് നിത്യ പറഞ്ഞു. ഒരു ഗ്രൂപ്പില്‍ നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യമെന്നും നിത്യ കൂട്ടിചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ പാര്‍വതി അടക്കമുള്ളവര്‍ വന്‍ പ്രതിഷേധം നടത്തുമ്പോഴും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലുള്ള സംഘടനകള്‍ രൂപമെടുക്കുമ്പോഴും എന്ത് കൊണ്ട് നിത്യ നിശബ്ദയായിരിക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തനിക്ക് മനസ്സിലാവുമെന്നും മൗനം പാലിക്കുന്നത് അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല. മറിച്ച് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണ്. തന്റെ മാര്‍ഗ്ഗങ്ങള്‍ താന്‍ ചെയ്യുന്ന ജോലിയിലൂടെയാണ്. എങ്ങിനെ ജോലി ചെയ്യുന്നു, സഹതാരങ്ങളോട് എങ്ങിനെ പെരുമാറുന്നു, ഏതെല്ലാം കാര്യങ്ങള്‍ ജോലിയില്‍ ചെയ്യാതിരിക്കുന്നു എന്നതിലൂടെയാണ് പ്രതിഷേധം താന്‍ അറിയിക്കുന്നതെന്ന് നിത്യ മേനോന്‍ പറഞ്ഞു.

തനിക്ക് പ്രശ്‌നമായി തോന്നിയ സെറ്റുകളില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ടെന്നും സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ അക്ഷയ് കുമാറിന്റെ മിഷന്‍ മംഗളിന് ശേഷം മലയാളത്തില്‍ കോളാമ്പിയാണ് പുതിയ ചിത്രം.

Exit mobile version