‘ഉണ്ട’ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും; ആസിഫ് അലി

ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ഉണ്ട.’ ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്നാണ് ആസിഫ് അലി പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരം എത്തുന്നുണ്ട്.

‘ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഞാനും വിനയ് ഫോര്‍ട്ടുമുണ്ട്. ഒരു ചെറിയ സീനാണ് ഉള്ളത്. പക്ഷേ മമ്മൂക്കയുടെ ചിത്രത്തിന്റെ ഭാഗമാവുക എന്നുള്ളത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. ഖാലിദ് റഹ്മാന്‍ മലയാളത്തിലെ മികച്ച സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളാണ്. മമ്മൂക്കയുടെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നായിരിക്കും ഉണ്ട എന്ന് പ്രതീക്ഷയുണ്ട്’ എന്നാണ് ആസിഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഖാലിദ് റഹമാന്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഈ മാസം 14ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version