ഈ പോസ്റ്റില്‍ നിങ്ങള്‍ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ലെങ്കില്‍ അത് ആദ്യത്തെ അംഗീകാരമായി ഞാന്‍ കാണുന്നു; മാമാങ്കം പോസ്റ്ററിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണ് ഇതില്‍ ഉണ്ണി മുകുന്ദന്‍ എവിടെ എന്നത്

കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണ് ഇതില്‍ ഉണ്ണി മുകുന്ദന്‍ എവിടെ എന്നത്. ചിത്രത്തില്‍ താരവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പോസ്റ്ററിലെ തന്റെ കഥാപാത്രമായ ചന്ദ്രോത്ത് പണിക്കരെ പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ഫേസ്ബുക്കിലൂടെയാണ് താരം കഥാപാത്രത്തെ കുറിച്ച് വിശദമാക്കി രംഗത്ത് എത്തിയത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന ഇതിഹാസ ചരിത്ര വേഷം തനിക്ക് ലഭിച്ചപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാന്‍ പാടില്ല എന്ന ആഗ്രഹവും വാശിയും തനിക്ക് ഉണ്ടായിരുന്നുവെന്നും പോസ്റ്ററില്‍ തന്നെ കാണുന്നില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് താന്‍ വിശ്വസിക്കുന്നു എന്നാണ് ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിങ്ങള്‍ തന്ന ബ്രഹ്മാണ്ട വരവേല്‍പ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാള്‍ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നല്‍കി അധ്വാനിച്ചിട്ട് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഇതില്‍ ‘ഉണ്ണിമുകുന്ദന്‍ എവിടെ’ എന്നുള്ള നിരവധി മെസേജുകള്‍ ഫേസ്ബുകിലൂടെയും, ഇന്‍സ്റ്റാന്‍ഗ്രാമിലൂടെയും, വാട്സ്ആപ്പിലൂടെയും ഞാന്‍ കേള്‍ക്കാനിടയായി. ഇത് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നില്‍ക്കുന്ന ദേഷ്യക്കാരന്‍ ആയ താടിക്കാരന്‍ ഞാനാണ്. ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാന്‍ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാന്‍ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി.
ചന്ദ്രോത് പണിക്കര്‍ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാന്‍ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാര്‍കോ ജൂനിയറില്‍ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ ആയി പരകായപ്രവേശം നടത്താന്‍ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റില്‍ നിങ്ങള്‍ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കില്‍ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാന്‍ കാണുന്നു.

ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയില്‍ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോര്‍ട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിര്‍മ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതില്‍ ഉണ്ണിമുകുന്ദന്‍ എവിടെ എന്ന ചോദ്യത്തിനായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.

Exit mobile version