നിരൂപക പ്രശംസയല്ലാതെ വിജയ ചിത്രങ്ങളില്ലാതെ കാളിദാസ്; പരാജയങ്ങളില്‍ കാളിദാസിന് അച്ഛന്‍ ജയറാം നല്‍കുന്ന ഉപദേശം ഇതാണ്

പിന്നീട് കാളിദാസിന് അത്ര നല്ല സമയമായിരുന്നില്ല. തുടര്‍ച്ചയായി ചിത്രങ്ങളെല്ലാം പരാജയത്തിലാണ് അവസാനിക്കുന്നത്.

യുവതാരമായി വന്ന് ഇന്നും കുടുംബപ്രേക്ഷകരുടെ ഇടയില്‍ തനതായ ഇടമുള്ള നടന്‍ ജയറാം മലയാള സിനിമാ ലോകത്തെ വിജയിച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മകന്‍ കാളിദാസ് സിനിമയില്‍ അരങ്ങേറിയത്. പിന്നെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ കാളിദാസ് അഭിനയമികവും പ്രകടിപ്പിച്ചു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ കാളിദാസ് നായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം തീയ്യേറ്ററുകളില്‍ വിജയം കൊയ്തില്ല. ചിത്രത്തിന് ഒട്ടനേകം നിരൂപക പ്രശംസയേറ്റുവാങ്ങാന്‍ സാധിക്കുകയും ചെയ്തു.

പിന്നീട് കാളിദാസിന് അത്ര നല്ല സമയമായിരുന്നില്ല. തുടര്‍ച്ചയായി ചിത്രങ്ങളെല്ലാം പരാജയത്തിലാണ് അവസാനിക്കുന്നത്. ഈ പരാജയങ്ങളില്‍ താന്‍ മകന് നല്‍കുന്ന ഉപദേശത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന്‍ ജയറാം. ഒരു അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം തുറന്നുപറയുന്നത്.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അവന്റെ വളര്‍ച്ച കുട്ടിക്കാലും മുതല്‍ ഞങ്ങള്‍ ആസ്വദിക്കുന്നു. എന്റെ മകളുടെ വളര്‍ച്ചയും അതെ. ഇപ്പോള്‍ രണ്ടു പേരും വലുതായി. സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നവരാണവര്‍. കാളിദാസ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. സിനിമയില്‍ അവന് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകാനുണ്ട്. ശരിക്കും സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന പോലെയാണത്. പലപ്പോഴും വീണുപോകും. വീഴ്ചയില്‍ നിന്നാണ് പഠിക്കേണ്ടത്. പരിക്കുകള്‍ പറ്റും. കയ്യും കാലും മുറിയും. അങ്ങനെ പഠിക്കുന്നതാണ് നല്ലത്. അല്ലാതെ തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയങ്ങളെ ഉള്‍ക്കൊള്ളാനാവില്ല. ഒരുപാട് പരാജയങ്ങള്‍ ഉണ്ടായി. വിഷമം ഉണ്ടായി. അതിനെ അതിജീവിക്കണം. എനിക്ക് സംഭവിച്ചതെല്ലാം അങ്ങനെയാണ്’- അനുഭവത്തിന്റെ വെളിച്ചത്തില്‍ പിതാവ് പറയുന്ന ഈ വാക്കുകളേക്കാള്‍ മറ്റെന്തുണ്ട് കാളിദാസിന് ആശ്വാസം പകരാന്‍.

Exit mobile version