‘പാര്‍വതി നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്’; ‘ഉയരെ’യെ അഭിനന്ദിച്ച് സാമന്ത

ട്വിറ്ററിലൂടെയാണ് താരം ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി എത്തിയത്. പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്‍’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെയും പാര്‍വതിയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. ട്വിറ്ററിലൂടെയാണ് താരം ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

‘ഉയരെ കണ്ടു. അത് നിങ്ങളെ കോപത്തിലാഴ്ത്തും, കരയിക്കും,ചിന്തിപ്പിക്കും, സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.. നിങ്ങളില്‍ പ്രതീക്ഷ നിറയ്ക്കും.. നിങ്ങളെ സ്വാധീനിക്കും.. പാര്‍വതി നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്’ എന്നാണ് സാമന്ത ട്വീറ്റ് ചെയ്തത്. സംവിധായകന്‍ മനു അശോകനെയും തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു.

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിക്ക് പുറമെ സിദ്ദിഖ്, ആസിഫ് അലി, ടൊവീനോ തോമസ്, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ക്യൂബിന്റെ ബാനറില്‍ പിവി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version