‘എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്, അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അര്‍ഹിച്ച പങ്ക് എനിക്കും ലഭിക്കേണ്ടേ?’; ഇളയരാജ

തന്റെ സൃഷ്ടികള്‍ ഉപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് തനിക്ക് ലഭിക്കണ്ടേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ’96’ എന്ന സിനിമ. ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. അതേസമയം ചിത്രത്തില്‍ തന്റെ ഗാനം ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഇളയരാജ രംഗത്ത് എത്തിയിരുന്നു. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ദളപതി’യിലെ യമുനയാറ്റിലെ എന്ന ഗാനം ഈ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു അദ്ദേഹം രംഗത്ത് എത്തിയത്.

സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തത് കൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നും മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവന സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്ന് തന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇളയരാജ. തന്റെ സൃഷ്ടികള്‍ ഉപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് തനിക്ക് ലഭിക്കണ്ടേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

‘എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ മാത്രം സൃഷ്ടികളാണ്. എന്റെ അനുവാദം ഇല്ലാതെ അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കേണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുന്നതല്ലേ’ എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇളയരാജ പറഞ്ഞത്.

Exit mobile version