‘വൈറസ് മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ’; പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസില്‍ സ്മൃതി എന്ന ഹെല്‍ത്ത് ഡയറക്ടറുടെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്

കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പാ വൈറസിനെ കേരളം നേരിട്ടതിന്റെ കഥ വെള്ളിത്തിരയില്‍ എത്തുകയാണ്. ‘വൈറസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇനി തീയ്യേറ്ററുകളില്‍ എത്താന്‍ വെറും ആറു ദിവസം മാത്രമെ ഉള്ളൂ. നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അക്കൂട്ടത്തില്‍ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ചിത്രം താന്‍ മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീട് അതോര്‍ത്ത് പശ്ചാത്തപിച്ചേനേയെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘വിവാഹശേഷം ഭാര്യ, അമ്മ അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് സിനിമാ ഓഫറുകള്‍ വന്നെങ്കിലും നോ പറയുകയായിരുന്നു. എന്നാല്‍ അപ്പോഴും ഒരിക്കല്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് ഇടവേള അവസാനിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. വൈറസ് മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ. കേറാത്ത ബസിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാല്‍ വൈറസിന്റെ കാര്യത്തില്‍ ശരിക്കും വിഷമിക്കുമായിരുന്നു. ഈ സിനിമ നാളെ പഠന വിഷയം വരെയാകാവുന്ന ഒരു സിനിമയാണ്’ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണ്ണിമ പറഞ്ഞു.

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസില്‍ സ്മൃതി എന്ന ഹെല്‍ത്ത് ഡയറക്ടറുടെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിതെന്നാണ് പൂര്‍ണ്ണിമ പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ വേഷത്തില്‍ എത്തുന്നത് രേവതിയാണ്. സിസ്റ്റര്‍ ലിനിയായി എത്തുന്നത് റിമ കല്ലിങ്കല്‍ ആണ്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജൂണ്‍ ഏഴിനാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്.

Exit mobile version