‘കോബാള്‍ട്ട് ബ്ലൂ’; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കറിന്റെ തന്നെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണിത്.


ഒരു ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ പൂര്‍ണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാകും ‘കൊബാള്‍ട്ട് ബ്ലൂ’. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.


പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്‍. നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് കൊബാള്‍ട്ട് ബ്ലൂ നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നതാണ് നോവല്‍. ഓപ്പണ്‍ എയര്‍ ഫിലിംസാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നത്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. നിവിന്‍ പോളി നായകനായി എത്തുന്ന ‘തുറമുഖ’മാണ് താരത്തിന്റെ മറ്റൊരു ചിത്രം.

Exit mobile version