‘ഇസ്മു’ ആയി റോഷനും ‘ജോണപ്പനായി’ ദിലീഷ് പോത്തനും; തൊട്ടപ്പനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍

ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തൊട്ടപ്പനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നു. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തുവിട്ടത്.


കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റേതുള്‍പ്പെടെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കറാണ് ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ജോണപ്പന്‍ എന്ന കഥാപാത്രമായാണ് ദിലീഷ് പോത്തന്‍ തൊട്ടപ്പനില്‍ എത്തുന്നത്. റോഷന്‍ മാത്യുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ എത്തിയ ആന്റണി വര്‍ഗീസാണ്. ഇസ്മു എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു തൊട്ടപ്പനില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക പ്രിയംവദ കൃഷ്ണന്റേതടക്കം മറ്റു ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു.

ചിത്രത്തിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും ‘പ്രാന്തന്‍ കണ്ടലിന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും മുന്‍പേ പുറത്തുവന്നിരുന്നു. വിനായകനാണ് തൊട്ടപ്പനിലെ നായകന്‍. മനോജ് കെ ജയന്‍, ലാല്‍, ഇര്‍ഷാദ്, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈദ് റിലീസായാണ് ചിത്രം എത്തുന്നത്.

Exit mobile version