‘മുഖരാഗം’; ജീവചരിത്രം പുസ്തകമാവുന്നു, സന്തോഷവാര്‍ത്ത പങ്കുവെച്ച് മോഹന്‍ലാല്‍

'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഇന്ന് 59 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വേളയില്‍ തന്റെ ആരാധകര്‍ക്ക് കിടിലന്‍ ഒരു സര്‍പ്രൈസ് സമ്മാനമാണ് താരം നല്‍കിയിരിക്കുന്നത്. തന്റെ ജീവചരിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെച്ചത്. ‘മുഖരാഗം’ എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

40 വര്‍ഷത്തിലേറെയായി തുടരുന്ന അഭിനയജീവിതവും തന്റെ ജീവിതാനുഭവങ്ങളും കൂടിച്ചേരുന്നതായിരിക്കും ജീവചരിത്രഗ്രന്ഥമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുക്കുന്നത്. വര്‍ഷങ്ങളായി തനിക്കൊപ്പം സഞ്ചരിച്ചാണ് ഭാനുപ്രകാശ് തന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതുന്നതെന്നും 2020-ല്‍ ‘മുഖരാഗം’ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

Exit mobile version