പ്രണയാതുരനായി ടൊവീനോ തോമസ്; ‘ലൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രത്തിലെ നായികയായ അഹാന കൃഷ്ണനൊപ്പം പ്രണയാതുരനായി ഇരിക്കുന്ന ടൊവീനോയുടെ ചിത്രമാണ് പുറത്തുവിട്ടത്

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസിന്റെ പുതിയ ചിത്രമായ ‘ലൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവീനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ നായികയായ അഹാന കൃഷ്ണനൊപ്പം പ്രണയാതുരനായി ഇരിക്കുന്ന ടൊവീനോയുടെ ചിത്രമാണ് പുറത്തുവിട്ടത്.

ചിത്രത്തില്‍ ടൊവീനോ, ലൂക്ക എന്ന സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റായാണ് എത്തുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യനും’ ‘എന്റെ ഉമ്മാന്റെ പേരി’നും ശേഷം ടൊവീനോയുടേ സോളോ ചിത്രമാണിത്. ‘ഉയരെ’യാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ ടൊവീനോയുടെ ചിത്രം. അന്‍വര്‍ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ലൂക്ക സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ബോസ് ആണ്. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version