‘മോഹന്‍ലാല്‍ സാറിനും സംവിധായകന്‍ സിദ്ധിഖിനുമൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’; അര്‍ബാസ് ഖാന്‍

ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- സിദ്ധിഖ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. ‘ബിഗ് ബ്രദര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 25 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. അതിലൊരാള്‍ തെന്നിന്ത്യന്‍ സുന്ദരി റെജീന കസാന്‍ഡ്ര ആണ്. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് അര്‍ബാസ് പറയുന്നത്. ‘മോഹന്‍ലാല്‍ സാറിനും സംവിധായകന്‍ സിദ്ധിഖിനുമൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ്. ബിഗ് ബ്രദറെന്നാണ് ചിത്രത്തിന്റേ പേര്. ജൂലൈയിലെ ഷൂട്ടിംഗിനായി ഞാന്‍ കാത്തിരിക്കുകയാണ്’ അര്‍ബാസ് ട്വിറ്ററില്‍ കുറിച്ചു.

സൂപ്പര്‍ ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയ്ക്കും ലേഡീസ് ആന്റ് ജെന്റില്‍മാനിനു ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ധിഖിന്റെ തന്നെ എസ് പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version