‘200 കോടിയും കടന്ന് കേരളത്തിന്റെ യാഗാശ്വം’; ചരിത്രമെഴുതി വീണ്ടും ലൂസിഫര്‍

ലൂസിഫര്‍ ചിത്രത്തെ തേടി വീണ്ടും ചരിത്രനേട്ടം

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞ ലൂസിഫര്‍ ചിത്രത്തെ തേടി വീണ്ടും ചരിത്രനേട്ടം. മോഹന്‍ലാലിന്റെ മാസ് ലുക്കും പ്രകടനവുമായി തീയ്യേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രം ഇപ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ 200 കോടി എന്ന അപൂര്‍വ്വനേട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

ലൂസിഫറിന്റെ കളക്ഷന്‍ 200 കോടി കടന്നെന്ന് അണിയറപ്രവര്‍ത്തകരാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ തന്നെ ചിത്രം വൈശാഖിന്റെ സംവിധാനത്തില്‍ ഇറങ്ങിയ പുലിമുരുകന്‍ 150 കോടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുലിമുരുകന്റെ റെക്കോര്‍ഡും തകര്‍ത്ത് ലൂസിഫറിന്റെ തേരോട്ടം. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100, 150 കോടി ക്ലബ്ബ് പ്രവേശം അതിവേഗമായിരുന്നു. എട്ട് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. 21 ദിവസങ്ങള്‍ കൊണ്ട് 150 കോടിയും നേടി.

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. 200 കോടി കടന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Exit mobile version