‘ബോള്‍ഡ് മാത്രമല്ല, പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്, പാര്‍വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണ് ഉയരെ’; ഷഹബാസ് അമന്‍

സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ 'ഉയരെ' എന്നാണ് ഷഹ്ബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. നിരവധി പ്രമുഖരാണ് ചിത്രത്തെയും പാര്‍വതിയെയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷഹബാസ് അമന്‍. പാര്‍വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ‘ഉയരെ’ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് സിനിമ കണ്ടപ്പോള്‍ തോന്നിയതെന്നും പാര്‍വതി തന്നെയാണ് അതില്‍ ‘ഉയരെ’ എന്നുമാണ് ഷഹ്ബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ബോള്‍ഡ് മാത്രമല്ല. പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്. സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്. അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നല്‍കല്‍’. സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ ‘ഉയരെ’ എന്നാണ് ഷഹ്ബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പാര്‍വ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു ‘ഉയരെ’ എന്ന് തോന്നി!
അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാന്‍ തയ്യാറാവുക?? അത് തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തനമാണു! ബോള്‍ഡ് മാത്രമല്ല. പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്! അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നല്‍കല്‍’ !സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ ‘ഉയരെ’! സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം !ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാര്‍വ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കല്‍ കൂടി തെളിയിക്കുന്നു ! എല്ലാ ആണുങ്ങളും തങ്ങളില്‍ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച് ശതമാനത്തോളം ഗോവിന്ദ് ഷമ്മിമാരെ, ഒന്നുകില്‍ നല്ലരീതിയിലേക്ക് സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കില്‍ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സോസൈറ്റിക്ക് അനുഭവിക്കാന്‍ കഴിയും !അത് നൂറു ശതമാനം ഉറപ്പ്!

അത്‌കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആണ്മക്കളെ എത്രയും വേഗം ഈപടം കാണിച്ച് കൊടുക്കൂ!
എന്നിട്ട് പറയൂ

ഉയരൂ ഗോവിന്ദ് ഉയരൂ!

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ പാര്‍വതി എത്തിയത്. താരത്തിന്റെ ‘പല്ലവി രവീന്ദ്രന്‍’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. പാര്‍വതിക്ക് പുറമെ ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Exit mobile version