‘പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം എന്നെ ഞെട്ടിച്ചു, അവളുടെ പ്രായം വെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്’; സിദ്ധിഖ്

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം തന്നെ ഞെട്ടിച്ചെന്നാണ് നടന്‍ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്

പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി ഉയരത്തില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉയരെ’. ചിത്രത്തില്‍ പാര്‍വതിയുടെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം ഇതിനോടകം പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറി കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം തന്നെ ഞെട്ടിച്ചെന്നാണ് നടന്‍ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതിയുടെ അച്ഛനായി വേഷമിട്ടത് സിദ്ധിഖ് ആയിരുന്നു. പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്പോള്‍ അഭിനയത്തോടുള്ള അവരുടെ ആ ഡെഡിക്കേഷന്‍ വളരെ വലുതാണെന്നും സിദ്ധിഖ് കുട്ടിച്ചേര്‍ത്തു.

‘ചിത്രത്തിലെ രവീന്ദ്രന്‍ എന്ന അച്ഛന്‍ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ എന്റെ മകളുടെ മുഖമായിരുന്നു മനസ്സില്‍. ഇതുപോലൊരു ദുരന്തം ഒരു മക്കള്‍ക്കും വരുത്തല്ലേ പടച്ചോനേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. ചിത്രത്തിലെ കഥാപാത്രമായ പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. അതിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്, ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ലെന്നും മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതിയെന്നുമാണ്’ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി ആയിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലി, ടൊവീനോ തോമസ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Exit mobile version