‘പലരും ആസിഫിനോട് ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിരുന്നു’; ‘ഉയരെ’യുടെ സംവിധായകന്‍ മനു അശോകന്‍

പലരും ആസിഫിനോട് ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിരുന്നു

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ വിമര്‍ശകരെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി കാഴ്ച്ച വെച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതിയെ പോലെ തന്നെ ഏറെ പ്രശംസ കിട്ടിയത് മറ്റൊരു താരമാണ് ആസിഫ് അലി. ‘ഗോവിന്ദ്’എന്ന തികച്ചും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നുവെന്നാണ് സംവിധായകന്‍ മനു അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘പലരും ആസിഫിനോട് ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഫീല്‍ ഗുഡ് സിനിമകളിലൊക്കെ നായകനായി നില്‍ക്കുന്ന സമയമല്ലേ. ആരാധകര്‍ക്കു പോലും ഇഷ്ടമാവില്ല എന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞു. പക്ഷേ അതൊന്നും വക വയ്ക്കാതെ അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചു. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്കുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പോലും പ്രതികരിച്ചതെന്നാണ്’മനു അശോക് പറഞ്ഞത്.

ആസിഡ് ആക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. ആസിഫ് അലി ‘ഗോവിന്ദ്’ എന്ന കഥാപാത്രത്തെയും ടൊവീനോ തോമസ് ‘വിശാല്‍’ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ആണ്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version