മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്,’ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി; സത്യന്‍ അന്തിക്കാട്

ഫേസ്ബുക്കിലൂടെ ആണ് അന്തിക്കാട് ചിത്രത്തെ പ്രശംസിച്ചത്

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തിയത്. താരത്തിന്റെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പാര്‍വതി ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടും രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആണ് അന്തിക്കാട് ചിത്രത്തെ പ്രശംസിച്ചത്.

സിനിമ അവസാനിച്ചപ്പോള്‍ തീയ്യേറ്ററുകളില്‍ ഉയര്‍ന്ന കൈയ്യടി തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിതെന്നും സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പുറമെ ഹിറ്റ് സിനിമകളുടെ ചേരുവകകള്‍ ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞ ‘ഉയരെ’യുടെ അണിയറ പ്രവര്‍ത്തകരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു സത്യന്‍ അന്തിക്കാട്.

പാര്‍വതിക്ക് പുറമെ ടൊവീനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, അനാര്‍ക്കലി മരയാക്കാര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘ഉയരെ’ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയ്യേറ്ററിലുയര്‍ന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ റിസ്‌കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്‌സ്’ എന്ന പുതിയ നിര്‍മ്മാതാക്കള്‍ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

പാര്‍വ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നല്‍കിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം. മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണന്‍, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.
എല്ലാവര്‍ക്കും എന്റെ സ്‌നേഹം.

Exit mobile version