ഷൈലജ ടീച്ചറെ സിനിമേലെടുത്തോ? വൈറസ് കാസ്റ്റിങ്ങില്‍ അമ്പരന്ന് കേരളം!

സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആരാധകരുടെ വലിയ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തു വന്നത്. സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഗംഭീര കാസ്റ്റിങ്ങാണ് നടത്തിയിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

നിപ്പാ വൈറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ദുരിത ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ റോളിലെത്തിയ രേവതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എങ്ങനെയാണ് ടീച്ചറോട് ഇത്രയും സാമ്യമുള്ളയാളെ കണ്ടുപിടിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ചിത്രത്തില്‍ റീമ കല്ലിങ്കലാണ് നിപ്പാ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്.

അതേസമയം, ചിത്രത്തിന്റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയിട്ടുണ്ട്. കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പായെ കേരളം ഭയപ്പെട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. നിപ്പാ രോഗബാധയെയും നിപ്പായെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍ തുടങ്ങി വന്‍താരനിരയാണ് എത്തുന്നത്.

Exit mobile version