‘ചിത്രത്തിനായ് നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്, ഉയരെ വലിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെ’; ആശംസയുമായി മഞ്ജു വാര്യര്‍

ഫേസ്ബുക്കിലൂടെയാണ് താരം ചിത്രത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്

പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അധിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്.

‘ഉയരെ എന്ന സിനിമ ഏപ്രില്‍ 26 ന് നമ്മളിലേക്ക് എത്തുകയാണ്. എനിക്ക് ഇഷ്ടമുള്ള ഒരുപാട് പേര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സിനിമ വളരെ നല്ല സിനിമയായിരിക്കുമെന്ന വിശ്വാസവും ഉറപ്പും എനിക്കുണ്ട്. നിങ്ങളെ പോലെ ഞാനും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്. ഉയരെ വലിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതൊരു വലിയ വിജയമാകട്ടെ നല്ല സിനിമയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു.

പാര്‍വതിക്ക് പുറമെ ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം നാളെ തീയ്യേറ്ററുകളിലെത്തും.

Exit mobile version