ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും എം ജയചന്ദ്രന്‍ – ഈസ്റ്റ് കോസ്റ്റ് കൂട്ടുക്കെട്ട്; ‘ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

'സുരാംഗനാ സുമവദനാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്

മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ എന്നും ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘സുരാംഗനാ സുമവദനാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ശങ്കര്‍ മഹാദേവനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ഒരു പതിറ്റാണ്ടിന് ശേഷം എം ജയചന്ദ്രന്‍-ഈസ്റ്റ് കോസ്റ്റ് കൂട്ടുക്കെട്ട് ഒന്നിക്കുന്ന പ്രത്യേകത കൂടിയുണ്ട് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒരുപാട് ഹിറ്റ് ആല്‍ബം സോങ്ങുകള്‍ ഈ കൂട്ട്‌ക്കെട്ടിലാണ് പിറന്നത്. ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തവയാണ്. അതുപോലെ തന്നെ ഈ ഗാനവും മലയാളികള്‍ ഏറ്റെടുക്കും എന്ന കാര്യം ഉറപ്പാണ്. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന മറ്റ് നാല് ഗാനങ്ങളും കൂടി ചിത്രത്തിലുണ്ട്. ഈ ഗാനങ്ങളിലൊക്കെ എം ജയചന്ദ്രന്‍-ഈസ്റ്റ് കോസ്റ്റ് കൂട്ടുക്കെട്ടിന്റെ മാന്ത്രിക ശ്രോതാക്കള്‍ക്ക് അനുഭവിച്ചറിയാമെന്ന കാര്യം ഉറപ്പാണ്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി മാറികൊണ്ടിരിക്കുന്ന ഹരീഷ് കണാരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവതാരം അഖില്‍ പ്രഭാകറാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. നെടുമുടി വേണു, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ പകുതിയോടെ ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version