ചരിത്രം കുറിച്ച് ‘ലൂസിഫര്‍’; എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍! പ്രേക്ഷകരോട് നന്ദി പറഞ്ഞ് ആശിര്‍വാദ് സിനിമാസ്

ചിത്രം നിര്‍മ്മിച്ച ആശീര്‍വാദ് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ വീണ്ടും ചരിത്രം കുറിച്ചു.റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ നൂറുകോടി ക്ലബില്‍ കയറിയാണ് ലൂസിഫര്‍ ചരിത്രം തിരുത്തി കുറിച്ചത്. ചിത്രം നിര്‍മ്മിച്ച ആശീര്‍വാദ് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആഗോള ബോക്സ്ഓഫീസില്‍ നിന്ന് എട്ട് ദിവസം കൊണ്ട് നൂറുകോടി നേടുന്ന ചിത്രമായി ‘ലൂസിഫര്‍’ മാറിയെന്നും ഈ വിജയത്തില്‍ എത്താന്‍ സഹായിച്ച പ്രേക്ഷകരോട് നന്ദിയുണ്ടെന്നുമാണ് ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ എത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, നന്ദു, സായ്കുമാര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, സംവിധായകന്‍ ഫാസില്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മാര്‍ച്ച് 28നാണ് ചിത്രം തീയ്യേറ്ററിലെത്തിയത്.

ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പ്രിയപ്പെട്ടവരേ,വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.

Exit mobile version