‘വിദേശ മാര്‍ക്കറ്റുകളില്‍ ലൂസിഫര്‍ നേടിയ വിജയം മലയാള സിനിമയുടെ കണ്ണു തുറപ്പിക്കട്ടെ’; പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്

ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് മലയാള സിനിമ പലതും പഠിക്കാനുണ്ടെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് പറയുന്നത്

നടന്‍ പൃഥ്വിരാജ് സംവിധായക തൊപ്പി അണിഞ്ഞ ആദ്യ ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമായി നാലായിരം തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഗള്‍ഫ് നാടുകള്‍ക്ക് പുറമെ യുഎസ്, ന്യൂസിലാന്റ്, അയര്‍ലാന്റ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ചിത്രം റിലീസ് ചെയ്തിരുന്നു.

ഇതുവരെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്ത വിധത്തിലുള്ള സ്‌ക്രീന്‍ കൗണ്ടാണ് ലൂസിഫറിന് ലഭിച്ചത്. യുഎസ് ഉള്‍പ്പെടെ റിലീസ് ചെയ്ത എല്ലായിടത്തും ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം തന്നെ ചിത്രം നൂറുകോടി ക്ലബില്‍ കയറി. ഏറ്റവും കുറഞ്ഞ സമയത്തില്‍ നൂറുകോടി ക്ലബില്‍ ഇടം നേടുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് മലയാള സിനിമ പലതും പഠിക്കാനുണ്ടെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് പറയുന്നത്.

‘ലൂസിഫര്‍ എന്ന ചിത്രം അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് ഒരു ട്രെന്‍ഡ്‌സെറ്റര്‍ ആയിരിക്കുകയാണ്. മുമ്പ് ഗള്‍ഫ് പോലെ ചില വിദേശ മാര്‍ക്കറ്റുകളില്‍ മാത്രമാണ് മലയാളസിനിമകള്‍ക്ക് പ്രേക്ഷകരെ കിട്ടിയിരുന്നത്. മറ്റ് ഭാഷാ ചിത്രങ്ങളില്‍ നിന്ന് മത്സരം ഉണ്ടായിട്ടു പോലും ലൂസിഫര്‍ എല്ലായിടത്തും തന്നെ മികച്ച വിപണി കണ്ടെത്തി. ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ഈ വമ്പന്‍ വിജയം മലയാള ചലച്ചിത്ര വ്യവസായത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പുതിയ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കാന്‍ മലയാളസിനിമ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കേണ്ടതുമാണ്’ എന്നാണ് തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചത്.

മോഹന്‍ലാല്‍ സ്റ്റീവന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സായ്കുമാര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, കലാഭവന്‍ ഷാജോണ്‍, നന്ദു, സംവിധായകന്‍ ഫാസില്‍, നൈല ഉഷ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മാര്‍ച്ച് 28 നാണ് തീയ്യേറ്ററിലെത്തിയത്.

Exit mobile version