ഉടലാഴം – വെട്ടേറ്റ വേരുകളുടെ കഥ

ഈ സിനിമ പറഞ്ഞു വയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതകഥയല്ല; പല രീതിയില്‍ അരികുവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ തന്നെ നേര്‍ക്കാഴ്ചയാണ്.

രാജേഷ് നാരായണന്‍-മുംബൈ

മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജസ് അഥവാ മാമി (MAMI) യുടെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 1 ന് കൊടിയിറങ്ങുമ്പോള്‍ മലയാളത്തില്‍ നിന്നൊരു ചിത്രം പ്രേക്ഷകര്‍ക്ക് തീവ്രാനുഭവമായി. ‘ഉടലാഴം ‘! അതിജീവനത്തിന്റെ ജലം തേടി സമൂഹമെന്ന പുഴയിലേക്കിറങ്ങി, മനസ്സിനും ശരീരത്തിനും മുറിവേല്‍ക്കുന്ന സാമൂഹികമായും ലിംഗപരമായും വര്‍ണ്ണപരമായുമെല്ലാം അരികുവത്കരിക്കപ്പെടുന്ന വേരുകളുടേയും ആ നോവാര്‍ന്ന ഭയത്തില്‍ പൊഴിഞ്ഞില്ലാതാവുന്ന ഇലകളുടെയും ജീവിതമാണ് ഉടലാഴം എന്ന തന്റെ ചിത്രത്തിലൂടെ ഉണ്ണികൃഷ്ണന്‍ ആവള നമുക്ക് മുന്നില്‍ വരച്ച് വയ്ക്കുന്നത്.

ഗുളികനെന്ന ആദിവാസി ട്രാന്‍സ്‌ജെണ്ടര്‍ യുവാവിന്റെ ജീവിക്കാനായുള്ള ഓട്ടത്തിലൂടേയും അതിനിടയിലേല്‍ക്കുന്ന മുറിവുകളിലൂടെയും അവന്റെ മാനസിക വ്യാപാരങ്ങളിലൂടെയും പുരോഗമിക്കുന്ന ഈ സിനിമ പറഞ്ഞു വയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതകഥയല്ല; പല രീതിയില്‍ അരികുവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ തന്നെ നേര്‍ക്കാഴ്ചയാണ്. മരിക്കാതിരിക്കാനായി ഒരു നല്ല വാക്കെങ്കിലും തേടുന്ന ജീവിതങ്ങളേയാണ്.

ഭര്‍ത്താവിന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും, തന്റെയുള്ളിലെ വേനല്‍ച്ചൂടിനെ പുഴയില്‍ മുക്കി, അവനെ സ്‌നേഹിച്ച് കഴിയുന്ന മാതിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്, ദൈവക്കരുവാകാന്‍ പൂമാതമാര്‍ പുനഃര്‍ജ്ജനിച്ചു കൊണ്ടിരിക്കുമെന്നാണ്.

വയനാടിന്റേയും നിലമ്പൂരിന്റേയും വര്‍ണ്ണക്കാഴ്ചകളും മനോഹരമായ ഫ്രെയിമുകളും കൊണ്ട് കണ്ണിന് കുളിര്‍മ്മയും, സിതാരയും മിഥുനും ചേര്‍ന്ന് കഥയിലലിയിച്ചു ചേര്‍ത്തുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കാതിന് മധുരവുമേകുന്ന ഈ മനോഹര ചിത്രത്തിലെ അരികുവത്കരിക്കപ്പെട്ട വേരുകളുടെ ജീവിതം നിങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കാതിരിക്കില്ല.

ചലച്ചിത്രോല്‍സവത്തിലേക്കായി ലഭിച്ച 170 ല്‍പ്പരം എന്‍ട്രിക്കുള്ളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങള്‍ മാത്രമാണ് ഇന്ത്യാ സ്റ്റോറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. അവയില്‍ 2 മലയാള ചിത്രങ്ങള്‍ മാത്രം. അന്ധേരിയിലും, ജൂഹുവിലുമായി 3 തീയറ്ററുകളില്‍ ഒക്ടോബര്‍ 28, 29, 30 തീയ്യതികളിലായിരുന്നു ഉടലാഴത്തിന്റെ സ്‌ക്രീനിംഗ്. പ്രദര്‍ശനവും പ്രദര്‍ശനാനന്തരം നടന്ന ഓപ്പന്‍ ഫോറവും ചലച്ചിത്രപ്രേമികളെക്കൊണ്ട് തികച്ചും സജീവമായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍, പ്രശസ്ത സിനിമാ നിരൂപകനും മുംബൈ ഐഐടി അദ്ധ്യാപകനുമായ രതീഷ് രാധാകൃഷ്ണന്‍ , സ്മിത തുടങ്ങിയവര്‍ നയിച്ച ചോദ്യോത്തരവേളകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഉടലാഴം ടീമിനുവേണ്ടി സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള, നിര്‍മ്മാതാക്കളായ ഡോ.സജീഷ് എം, ഡോ. മനോജ് കെടി, ഡോ.രാജേഷ് കുമാര്‍ എംപി, ചലച്ചിത്ര താരം അനുമോള്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ ആളവയില്‍ നിന്നും ഡോക്ടേഴ്‌സ് ഡിലിമയില്‍ നിന്നും ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നട്ട ഈ കണ്ണീര്‍ ചെമ്പകം ഒരുപാട് നെഞ്ചുകള്‍ക്കുള്ളില്‍ പൂക്കട്ടെ.

(രാജേഷ് നാരായണന്‍-മുംബൈ
ഫോൺ:+919619023747
ഇമെയിൽ: rajeshmnarayanan@gmail.com)

Exit mobile version