‘ജീവപര്യന്തം പോലും 14 വര്‍ഷമേ ഉള്ളൂ’; വിവാഹ വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

നര്‍മ്മത്തിലൂടെയാണ് ചാക്കോച്ചന്‍ തന്റെ വിവാഹ വാര്‍ഷിക വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്

മലയാളത്തിന്റെ എക്കാലത്തേയും ചോക്‌ളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി പുതുമുഖ താരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചോക്‌ളേറ്റ് ഹീറോ പരിവേഷം ഇന്നും ചാക്കോച്ചന് സ്വന്തമാണ്. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ചാക്കോച്ചന്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് തന്റെ പതിന്നാലാം വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ്. നര്‍മ്മത്തിലൂടെയാണ് ചാക്കോച്ചന്‍ തന്റെ വിവാഹ വാര്‍ഷിക വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ’14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’ എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്.

2005 ഏപ്രില്‍ രണ്ടിനാണ് നീണ്ട പ്രണയത്തിനൊടുവില്‍ പ്രിയ ചാക്കോച്ചന്റെ ജീവിത സഖിയായത്. തമാശ കലര്‍ത്തിയാണ് വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ചെങ്കിലും പ്രിയ ആണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് ചാക്കോച്ചന്‍ പോസ്റ്റില്‍ കുറിച്ചത്. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്‌പെഷ്യലാണെന്നും ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിയും ചാക്കോച്ചന്‍ അറിയിച്ചു.

Exit mobile version