ആരാധകരെ ആവേശത്തിലാക്കാന്‍ ആടുതോമ വീണ്ടുമെത്തുന്നു; വാക്ക് നല്‍കി സംവിധായകന്‍ ഭദ്രന്‍

ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ ഭദ്രന്‍ ഈ കാര്യം വ്യക്തമാക്കിയത്

മലയാളക്കര ആഘോഷമാക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ വീണ്ടും തീയ്യേറ്ററുകളിലെത്തുന്നു. അടുത്ത വര്‍ഷം ചിത്രത്തിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തീയ്യേറ്ററുകളിലെത്തുന്നത്. ഇത്തവണ 4 കെ ശബ്ദ ദൃശ്യ വിന്യാസത്തോടെയാണ് ചിത്രമെത്തുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ ഭദ്രന്‍ ഈ കാര്യം വ്യക്തമാക്കിയത്.

അതേ സമയം ചിത്രത്തിന് ഒരിക്കലും രണ്ടാം ഭാഗം ഉണ്ടായിരിക്കില്ലെന്നും ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കുമെന്നും സംവിധായകന്‍ ഭദ്രന്‍ വ്യക്തമാക്കി. 1995 ലാണ് സ്ഫടികം തീയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ചാക്കോ മാഷും, ആടുതോമയും, തുളസിയും ഇന്നും പ്രേക്ഷക മനസില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, രാജന്‍ പി ദേവ്, സില്‍ക്ക് സ്മിത, മണിയന്‍പിള്ള രാജു, അശോകന്‍, ചിപ്പി, എന്‍എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അതേ സമയം സ്ഫടികത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന്‍ സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. ഇതിനെതിരെ സംവിധായകന്‍ ഭദ്രനും ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രവുമായി മുന്നോട്ട് പോയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭദ്രന്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version