സ്ഫടികം ഒന്നേയുള്ളു, രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല, ആരും അതിന് മെനക്കെടേണ്ട; സംവിധായകന്‍ ഭദ്രന്‍

രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ താന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

സ്ഫടികത്തിന്റെ രണ്ടാംഭാഗമെന്ന പേരില്‍ പുറത്തിറങ്ങിയ ‘സ്ഫടികം 2 ഇരുമ്പന്‍’ എന്ന ചിത്രത്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമ ഇറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് ഭദ്രന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

സ്ഫടികം എന്ന ചിത്രം ഒന്നേയുള്ളു. അതിന് രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ താന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫടികം എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ആ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ടെന്നും ആടുതോമയെ വെച്ച് ആരും സിനിമ ഇറക്കില്ലെന്നും ഭദ്രന്‍ വ്യക്തമാക്കി.

ആരാധകരുടേയും സംവിധായകന്‍ ഭദ്രന്റേയും മുന്നറിയിപ്പ് വകവെയ്ക്കാതെ ഇന്നാണ് ബിജു കെ കട്ടക്കല്‍ ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിട്ടത്. യൂട്യൂബില്‍ പുറത്തിറങ്ങിയ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉള്ളത്. ഇതിനകം രണ്ടായിരത്തി മുന്നൂറിലധികം ഡിസ്‌ലൈക്കുകളാണ് ടീസറിന് ലഭിച്ചത്.

Exit mobile version